പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Advertisements

“വിശ്വരൂപം” സിനിമയും പ്രതിഷേധങ്ങളും

“വിശ്വരൂപം” സിനിമയും പ്രതിഷേധങ്ങളും 

കമലഹാസന്റെ പുതിയ ചലച്ചിത്രം  “വിശ്വരൂപം”  പ്രശ്‌നത്തിലായിരിക്കുന്നു. മതപരിഹാസം ഉണ്ടെന്ന് ആരോപിച്ച് സിനിമയ്ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്ത് വന്നിരിക്കുന്നു. ഈ സിനിമ നിരോധിക്കണമെന്ന് ചിലരിൽനിന്ന് ആവശ്യമുയർന്നിരിക്കുന്നു. സിനിമ റിലീസ് ചെയ്ത തിയേറ്ററുകൾക്കുനേരെ ആക്രമണമുണ്ടായി. ഭീഷണിയെത്തുടർന്ന് ചില തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുവാനായില്ല. സിനിമയ്ക്കെതിരെയുള്ള നീക്കങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നു കയറ്റമാണെന്നുകണ്ട് സി.പി.ഐ.എമ്മും മറ്റ്  പുരോഗമനപ്രസ്ഥാനങ്ങളും സിനിമ പ്രദർശിപ്പിക്കുന്നതിന് അനുകൂലമായി രംഗത്തുവന്നിട്ടുണ്ട്. ചുരുക്കത്തിൽ  സിനിമ പ്രദർശിപ്പിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും പിന്തുണയുമായി സംഘടിത പ്രസ്ഥാനങ്ങൾ പലതും മുന്നോട്ട് വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് വീണ്ടും സജീവ ചർച്ചാവിഷയമാവുകയാണ്.

മതങ്ങളുടെ വിശ്വരൂപം വെളിപ്പെടുത്തപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ശരിക്കും മതങ്ങളല്ല മതതീവ്രവാദികൾ ആണ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. എങ്കിലും അത് പിന്നെ മതത്തിന്റെ മൊത്തം പേരിലാകുന്നു. ഇപ്പോൾ ഈ  ചിത്രത്തിനെതിരെ തിരിഞ്ഞിട്ടുള്ളത് ഒരു വിഭാഗം മതതീവ്രവാദികളാണ്. കേരളത്തിൽ പ്രധാനമായും  പോപ്പുലർ ഫ്രണ്ടുകാരും എസ്.ഡി.പി.ഐക്കാരും ആണ് പ്രധാനമായും വിശ്വരൂപത്തിനെതിരെ തിരിഞ്ഞിട്ടുള്ളത്. ഇസ്ലാമതത്തിന്റെ സംരക്ഷണപ്പട്ടം അവർ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. ആർ.എസ്.എസും,  ബി.ജെപിയും,   ശിവസേനയും മറ്റും   ഹിന്ദുത്വത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുക്കുന്നവരാണ്. അവരെ ആരെയും  വിശ്വാസികൾ അതിനൊട്ട്  ചുമതലപ്പെടുത്തിയിട്ടുമില്ല.

സെൻസർ ബോർഡിന്റെ അനുമതിയ്ക്കുശേഷമാണ് ഈ പറയുന്ന സിനിമ “വിശ്വരൂപം” പ്രദർശിപ്പിക്കപ്പെടുന്നത്. ഈ സിനിമ മുമ്പേ തന്നെ വിവാദത്തിൽപ്പെട്ടതിനാൽ മതനേതാക്കളിൽ ചിലരെ കൂടി ഇത് കാണിച്ച ശേഷമാണ് തിയേറ്ററുകളിൽ എത്തിച്ചത് എന്നാണറിയുന്നത്. അത് കണ്ട മതനേതാക്കൾക്ക് അതിൽ വലിയ പ്രകോപനങ്ങളൊന്നും ഉള്ളതായി  കാണാനായില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്നിട്ടും പല സംസ്ഥാനത്തും സിനിമ പ്രദർശിപ്പിക്കുന്നതിനു തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. മതങ്ങൾ വിമർശനങ്ങൾക്കതീതമാണെന്ന ദു:ശാഠ്യം എല്ലാ മതപക്ഷക്കാരും വച്ചു പുലർത്തുന്നിടത്തോളം കാലം  ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ അദ്ഭുതപ്പെടാനില്ല. അത്രയ്ക്ക്  തൊട്ടാൽ പൊള്ളുന്നതത്രേ മതങ്ങൾ!

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ തീവ്രവാദികൾ ഇതിനു മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു ചിത്രത്തിന്റെ പേരിൽ ഹിന്ദുത്വതീവ്രവാദികൾ ഒരു വിഖ്യാത ചിത്രകാരനെ നാടുകടത്തിയ സംഭവം പോലും ഇവിടെ സംഭവിച്ചതാണ്. കേരളത്തിൽ ഒരു  പാഠപുസ്തകത്തിലെ ചരിത്രസംബന്ധിയായ വസ്തുതകൾക്കെതിരെ കത്തോലിക്കക്കാർ തിളച്ചു മറിഞ്ഞത് അടുത്തകാലത്താണ്. ഒരു ചോദ്യപ്പേപ്പറിന്റെ പേരിൽ മുസ്ലിം തീവ്രവാദികൾ  അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവവും കേരളം കണ്ടതാണ്. എന്തിന് മതമില്ലാത്ത ജീവൻ എന്ന ഒരു പാഠഭാഗത്തിനെതിരെ സകല മതവാദികളും ഒത്തുനിന്ന് പ്രശ്നമുണ്ടാക്കി ആ പാഠഭാഗം പിൻവലിപ്പിച്ചതും സാക്ഷരകേരളത്തിൽത്തന്നെ. അതെല്ലാം വച്ചു നോക്കുമ്പോൾ ഇപ്പോൾ ഈ സിനിമയ്ക്കെതിരെ ഉണ്ടായതുപോലുള്ള പലതും ഇനിയും സംഭവിക്കാവുന്നതും അതിലൊന്നും അദുഭുതപ്പെടേണ്ടതില്ലാത്തതുമാണ്.

ഒരു സിനിമയോ നാടകമോ  സാഹിത്യ സൃഷ്ടിയോ മറ്റെന്തെങ്കിലുമോ  വിമർശിക്കപ്പെട്ടുകൂടെന്നില്ല. അവ കാണുകയോ വായിക്കുകയോ ചെയ്യുന്നവർക്ക് അതിൽ എന്തിനോടെങ്കിലും എതിർപ്പുണ്ടെങ്കിൽ വിമർശിക്കാം. സമാധാനപരമായി പ്രതിഷേധിക്കുകയുമാകാം. പക്ഷെ അക്രമത്തിലൂടെ ഒരു കലാ രൂപമോ സാഹിത്യരൂപമോ ആവിഷ്ക്കരിക്കപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്നതും  നിരോധനം ആവശ്യപ്പെടുന്നതും ഫാസിസമാണ്. വിശ്വരൂപം എന്ന സിനിമ കാണരുതെന്ന് വേണമെങ്കിൽ തല്പരകക്ഷികൾക്ക് മുസ്ലിങ്ങളെ ആഹ്വാനം ചെയ്യാം. ആ ആഹ്വാനം  മുസ്ലിൾക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

സിനിമ  കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഭാഗങ്ങൾ അതിൽ ഉണ്ടെങ്കിൽ അതിനെതിരെ പ്രചരണം നടത്താം. പ്രതിഷേധിക്കാം. വേണമെങ്കിൽ തിയേറ്ററുകൾക്കു മുമ്പിൽത്തന്നെ ചെന്ന്  സമാധാനപരമായി ധർണ്ണ നടത്താം. സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസമിരിക്കാം. സിനിമയുടെ നിർമ്മതാവിനെയും സംവിധായകനെയും രേഖാമൂലം പ്രതിഷേധം അറിയിക്കാം. വേണമെങ്കിൽ സിനിമയ്ക്ക് മറുപടി നൽകിക്കൊണ്ട് മറ്റൊരു സിനിമ പിടിച്ച് റിലീസ് ചെയ്യാം. അതിന് മതങ്ങൾക്കും മത തീവ്രവാദികൾക്കും പണത്തിനു പഞ്ഞമൊന്നുമില്ലല്ലോ. അല്ലാതെ നിരോധനം ആവശ്യപ്പെടുക, അക്രമം കാണിച്ച് പ്രദർശനം തടയുക തുടങ്ങിയ ദുർമാർഗ്ഗങ്ങൾ ജനാധിപത്യവിരുദ്ധമാണ്. അതൊക്കെ കൈയ്യൂക്കിന്റെ അഹങ്കാരങ്ങൾ മാത്രമാണ്. ആൾ ശേഷിയും കൈയൂക്കും ധനശേഷിയും ഇല്ലാത്തതുകൊണ്ടാണല്ലോ മതത്തെയും ദൈവത്തെയുമൊക്കെ നിരാകരിക്കുന്ന യുക്തിവാദികൾക്കും മറ്റും കാര്യമായി മതങ്ങളുടെ സംഘടിത നീക്കങ്ങളെ പലതിനെയും  പ്രതിരോധിക്കാനാകാത്തത്. അതുകൊണ്ട് അവർക്ക് അഹങ്കാരവുമില്ല.

അക്രമശേഷി ഉപയോഗിച്ച്  തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതു തടയുന്നതുകൊണ്ട് സിനിമ നിർമ്മിച്ചവർക്ക് സാമ്പത്തിക നഷ്ടം വരുത്താം. എന്നാൽ സിനിമ പ്രദർശിപ്പിക്കാനും  കാണണമെന്നുള്ളവർക്ക്  കാണാനും ഇന്ന് തിയേറ്ററുകളെ മാത്രം  ആശ്രയിക്കേണ്ടതില്ല. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഉള്ളപ്പോൾ ഒരു നിരോധനം കൊണ്ടൊന്നും സിനിമ ആരും കാണാതിരിക്കാൻ പോകുന്നില്ല. സിനിമ മറ്റേതെങ്കിലും വിധത്തിൽ പ്രദർശിപ്പിക്കപ്പെടും. അക്രമങ്ങൾ നടത്തുന്നവർക്ക്  ക്രിമിനൽ കേസുകൾ നേരിടേണ്ടി വരും എന്നതിൽ കവിഞ്ഞ് ഒന്നുമില്ല. നിരോധിക്കപ്പെട്ട പുസ്തകങ്ങളും സിനിമകളുമൊക്കെ കൂടുതൽ കൗതുകത്തോടെ ആളുകൾ കാണുന്നുവെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് ആളുകൾ കാണാതിരിക്കുവാനാണ് സിനിമ നിരോധിക്കണമെന്നു പറയുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.

എത്രയോ അശ്ലീല ചിത്രങ്ങളും അക്രമചിത്രങ്ങളുമൊക്കെ ഇവിടെ തിയേറ്ററുകളിൽ ഓടിക്കുന്നു. അവയിൽ എത്രയോ എണ്ണം മതവിരുദ്ധങ്ങളാണ്. അതൊന്നും നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ. ഇന്റെർനെറ്റിൽ തന്നെ നമുക്ക് നല്ലതും ചീത്തയുമായി എന്തൊക്കെ കാണാൻ കഴിയുന്നു! അതൊക്കെ തുടച്ചുമാറ്റാൻ ആർക്കാണ് കഴിയുക? തങ്ങൾക്ക് ഹിതകരമല്ലാത്തവയെ സമാധാനപരമായി  എതിർക്കാനും വിമർശിക്കാനും അതിനു മറുപടി നൽകാനും എത്രയോ മാധ്യമങ്ങൾ ഉപയോഗിക്കാം. അല്ലാതെ തെരുവിലിറങ്ങി മറ്റൊരാളുടെ  ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തേണ്ട കാര്യമില്ല. ഇത് പോപ്പുലർ ഫ്രണ്ടിനോ മറ്റ് ഹിന്ദുത്വ-ക്രിസ്തുത്വ സംഘടനകൾക്കോ മാത്രം ബാധകമായ കാര്യമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് സംഘടിത ശക്തികൾക്കും ബാധകമാണ്. ആരും ആരുടേയും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കരുത്. എന്നുവച്ച് ആർക്കും ആരെപ്പറ്റിയും എന്തും പറയാം എന്ന് ഈ ലേഖനം അർത്ഥമാക്കുന്നുമില്ല.

ഇപ്പോൾ ഈ സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വർഗീയസംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. അതിൽ കൗതുകമുണ്ട്. ഡി.വൈ.എഫ്.ഐയുടെ വേദിയിൽ നിന്ന്  നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലെ അക്രമങ്ങളെ അപലപിച്ചതിന് സിനിമാതാരം മമ്മൂട്ടിക്കെതിരെ തിരിഞ്ഞവരാണ് വിശ്വരൂപം പ്രദർശിപ്പിക്കണമെന്നാവശ്യപ്പെടുന്നത്. സിനിമയെ എതിർക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരും മറ്റും ആണ് എന്നതുകൊണ്ടും  സിനിമയിൽ മുസ്ലിം വിരുദ്ധതയുണ്ടെങ്കിൽ അത് ആളുകൾ കാണട്ടെ  എന്ന വിചാരം ഉള്ളതുകൊണ്ടും മാത്രമാണ്  ബി.ജെ.പിയും മറ്റും  സിനിമയ്ക്കനുകൂലമായ നിലപാടുമാരി രംഗത്തു വന്നിട്ടുള്ളത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ അക്രമശേഷി പ്രയോഗിക്കുന്നതിൽ അവരും ഒട്ടും പിന്നിലല്ല എന്ന് അവർ എത്രയോ തവണ തെളിയിച്ചതാണ്.

ന്യൂനപക്ഷ വർഗ്ഗീയ സംഘടനകൾ ഉടലെടുക്കുന്നതുതന്നെ ഭൂരിപക്ഷവർഗ്ഗീയതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ ഭുരിപക്ഷമതതീവ്രവാദികളായ  സംഘപരിവാർ ശക്തികൾ ഉള്ളപ്പോൾ എൻ.ഡി.എഫും  പോപ്പുലർഫ്രണ്ടും മറ്റും പോലുള്ള ന്യുനപക്ഷ തീവ്രവാദ സംഘടനകൾ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിട്ടും കാര്യമില്ല. എല്ലാം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. എല്ലാവർക്കും പരസ്പരം ഭയമാണ്. നമ്മുടെ സംസ്കാരത്തെ മറുകൂട്ടർ തകർത്തുകളയുമോ എന്ന്. ഇവിടെ ആർക്കും ആരുടെയും സംസ്കാരത്തെ തകർക്കാൻ കഴിയില്ലെന്നത് വേറെ കാര്യം. കാലം ചിലതൊക്കെ മാറ്റും. അതിൽ ചിലപ്പോൾ ചില സംസ്കാരങ്ങളും പെടും. അത് ഇവിടെ സംഭവിച്ചു പോരുന്നുമുണ്ട്. അതിന് ആർക്ക് ആരെയാണ് കുറ്റപ്പെടുത്തുവാനാകുക?

ഒരു മതത്തിൽ വിശ്വസിക്കുന്ന ആൾ മറ്റൊരു മതത്തെ ബോധപൂർവ്വം അവഹേളിക്കുകയാണെങ്കിൽ അതിൽ വിഷമം തോന്നാം. പക്ഷെ കമലഹാസൻ നിർമ്മതനും നിരീശ്വരവാദിയുമാണ്. അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു മതത്തോടും പ്രതിബദ്ധതയോ വിരോധമോ ഇല്ല. കമലഹാസന് മതങ്ങളെ ഒന്നിനെയും പ്രകീർത്തിക്കാൻ ബാദ്ധ്യതയില്ല. അഥവാ ഏതൊരു മതത്തെയും വിമർശിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടുതാനും. വിശ്വരൂപത്തിൽ എന്തെങ്കിലും മതവിമർശനമോ പരിഹാസമോ ഉണ്ടോ  എന്ന് അറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. നമ്മൾ സഹിഷ്ണിതയെപ്പറ്റി പറയുമ്പോൾ അത് ഒരു മതം മറ്റൊരു മതത്തെ സഹിഷ്ണുതയോടെ നോക്കണം എന്നു മാത്രമല്ല അർത്ഥമാക്കുന്നത്. നിർമ്മതരോടും നിരീശ്വരവാദികളോടും തിരിച്ചും ഈ സഹിഷ്ണുത പുലരണം.

ഇനി അഥവാ കമലഹാസന്റെ സിനിമയിൽ മതവിമർശനം ഉണ്ടെങ്കിൽത്തന്നെ മറ്റേത് നിർമ്മതരെയും നിരീശ്വരവാദികളെയും യുക്തിവാദികളെയും പോലെ കമലഹാസനും മതങ്ങളെ വിമർശിക്കാം. ഒരാളുടെ വിമർശനം കൊണ്ടോ പരിഹാസം കൊണ്ടോ തകർന്നു പോകാൻ മാത്രം ദുർബ്ബലമാണോ സംഘടിത മതങ്ങൾ? ഇത്തരത്തിലുള്ള മതതീവ്രവാദപ്രേരിതമായ ഫാസിസ്റ്റ് പ്രവർത്തനങ്ങൾ വിശ്വാസികളെ മതത്തിൽ നിന്ന് അകറ്റാനാകും സഹായിക്കുക. ഇപ്പോൾ തന്നെ ആളുകൾക്ക് കുട്ടികളെ പള്ളിയിലും അമ്പലത്തിലുമൊക്കെ അയക്കാൻ പേടിയായിത്തുടങ്ങിയിട്ടുണ്ട്. മക്കൾ തീവ്രവാദികളായി തീരുമോ എന്ന ഭയം തന്നെ കാരണം.

കേരളത്തിൽ മുസ്ലിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ  മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി അതല്ല. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. അവിടങ്ങളിൽ തീരെ അധ:സ്ഥിതരും അവഗണിക്കപ്പെടുന്നവരുമായി ദയനീയമായ ജീവിത സാഹചര്യങ്ങളിലാണ് മുസ്ലിങ്ങൾ കഴിഞ്ഞുകൂടുന്നത്. അക്രമം വെടിഞ്ഞ് പോപ്പുലർ ഫ്രണ്ടുപോലെയുള്ള പ്രസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി മുസ്ലിങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയാണു വേണ്ടത്. ആൾശക്തിയും പണശക്തിയുമെല്ലാം അവിടങ്ങളിലെ മുസ്ലിങ്ങളുടെ  നന്മയ്ക്കുവേണ്ടി വിനിയോഗിക്കാൻ കഴിയും. മുസ്ലിങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാത്ത പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. നിരക്ഷരത കൊണ്ട് ഹിന്ദുക്കളും മുസ്ലിങ്ങളും  അങ്ങോട്ടുമിങ്ങോട്ടും മനുഷ്യരായി പരസ്പരം  അംഗീകരിക്കാത്ത പ്രദേശങ്ങളും ഇന്ത്യയിലുണ്ട്. അവിടങ്ങളിലാണ് ശരിക്കും   ജനസേവനവും മതസേവനവുംമറ്റും  നടത്തേണ്ടത്.

വിശ്വരൂപം എന്ന  സിനിമ ഈ ലേഖകൻ കണ്ടിട്ടില്ല. അതുകൊണ്ട് മുസ്ലിങ്ങളെ അത്രമാത്രം പ്രകോപിക്കുവാൻ അതിലെന്തിരിക്കുന്നുവെന്ന് അറിയില്ല. അതിൽ എന്തിരുന്നാലും ആരും പ്രകോപിതരാകേണ്ട കാര്യമില്ല. സിനിമ കാണുക, വിലയിരുത്തുക, അഭിപ്രായം പറയുക. വിമർശനമുണ്ടേങ്കിൽ അത് ചൂണ്ടിക്കാണിക്കുക. സിനിമയിൽ ആർക്കെങ്കിലും ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെതിരെ   ഒരു കാമ്പെയിനും പ്രതിഷേധവും ഒക്കെ ആകാം. അതിനപ്പുറം തങ്ങളുടെ അക്രമശേഷി ഉപയോഗിച്ച് ഓരോരുത്തർ ആജ്ഞാപിക്കാൻ തുനിഞ്ഞിറങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിനു പൊരുത്തപ്പെടാൻ കഴിയുന്ന കാര്യമല്ല. അങ്ങനെ വന്നാൽ  ഒടുവിൽ കൂടുതൽ ആൾ ശേഷിയും അക്രമശേഷിയും കൈമുതലുള്ളവർക്കാകും ഏകപക്ഷീയമായ വിജയം. അതായത് കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന അവസ്ഥ. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ സമൂഹം ജാഗരൂകരായിരിക്കേണ്ടതുണ്ട്.

ഇന്ത്യൻ സിനിമയിൽ വലിയ പല പരീക്ഷണങ്ങളും നടത്തിയ വ്യക്തിയാണ് കമൽഹാസൻ. അതുല്യനായ നടനും സംവിധായകനും നിർമ്മാതാവും ഒക്കെയാണ്  അദ്ദേഹം. സാധാരണ സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവർ തികഞ്ഞ അന്ധവിശ്വാസികളായാണ് കാണപ്പെടുക. മിക്കവരും വലിയ മതഭക്തരും ദൈവഭക്തരുമൊക്കെയാണ്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് കമൽ ഹാസൻ. മതേതര മാനവികതയെ ഉയർത്തിപ്പിടിക്കുന്ന ഒരു വ്യക്തിയാണ് ഏതെങ്കിലും മതത്തിലോ ദൈവത്തിലോ താൻ  വിശ്വസിക്കുന്നില്ലെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഒരു മനുഷ്യനോടും ഒരു മതത്തോടും ഒരു ദൈവത്തോടും   അദ്ദേഹത്തിന് വിദ്വേഷങ്ങൾ ഒന്നുമില്ല. വിദ്വേഷങ്ങളുമായി നടക്കാൻ സമയവുമില്ല.അതുകൊണ്ടുതന്നെ ആരെയെങ്കിലും വേദനിപ്പിക്കാൻമാത്രം ഒരു സിനിമ അദ്ദേഹം എടുക്കുമെന്നു കരുതാൻ കഴിയുകയില്ല. ബോധപൂർവ്വം ആരെയും വേദനിപ്പിക്കാനാകാത്ത മനുഷ്യസ്നേഹിയായ മഹാനടൻ കമലഹാസന് ജനാധിപത്യവാദികളുടെ മുഴുവൻ പിന്തുണയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

ഭരണകൂട ഭീകരതയുടെ പുത്തൻ വഴിത്താരകൾ

 (കൈരളിനെറ്റ് മാസികയിൽ (2012 നവംബർ ലക്കം) പ്രസിദ്ധീകരിച്ച എന്റെ ലേഖനം‌)
ഭരണകൂട ഭീകരതയുടെ പുത്തൻ വഴിത്താരകൾ

ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങൾ ഉപയോഗിച്ച് ജനങ്ങളെ കായികമായി അടിച്ചമർത്തി ഭരിക്കുന്നതു മാത്രമല്ല ഭരണകൂടഭീകരത. ഒരു ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾ കൊണ്ടോ ബോധപൂർവ്വമുള്ള  നിഷ്ക്രിയത്വം കൊണ്ടോ അവഗണന കൊണ്ടോ മറ്റേതുതരത്തിലും  ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന ഏതു പ്രവർത്തനവും ഒരു തരത്തിൽ  ഭരണകൂട ഭീകരതയാണ്. രാഷ്ട്രസംരക്ഷണം, ക്രമസമാധാന പാലനം,  മറ്റ് ദൈനംദിനകാര്യനിർവ്വവണം, രാജ്യത്തിന്റെയും ജനങ്ങളുടെയും  പൊതുവായ മേൽനോട്ടം എന്നിങ്ങനെ ചുരുക്കി കാണാവുന്ന ഏതാനും ഉത്തരവാദിത്തങ്ങളിൽ ഒതുങ്ങുന്നതല്ല ഒരു ആധുനിക രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ചുമതലകൾ. ഒരു ഭരണകൂടസംവിധാനത്തിന് സർവ്വതല സ്പർശിയായ ഒട്ടേറെ ചുമതലകൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനങ്ങൾക്ക് സുഗമമായ ഒരു ജീവിതാവസ്ഥ സൃഷ്ടിച്ചു കൊടുക്കുക എന്നതാണ്. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളുടെ കാര്യത്തിൽ ഒരു ഭരണകൂടം സദാ ജാഗരൂകമായിരിക്കണം. തങ്ങളുടെ ജീവിതം കൂടുതൽ സുഖകരമാക്കിത്തരാൻ കഴിയുന്ന ഒരു ഭരണം പ്രതീക്ഷിച്ചുകൊണ്ടാണ് ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾ ഒരു ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത്. എന്നാൽ അതിനു വിരുദ്ധമായി  ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യംതന്നെ ജനങ്ങളെ ഭയപ്പെടുത്തും വിധം പ്രവർത്തിച്ചാൽ അതിനെയും ഭരണകൂടഭീകരത എന്നുതന്നെയാണ് പറയേണ്ടത്.  നമ്മുടെ രാജ്യത്ത് ഇപ്പോൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടമില്ലാത്ത ഒരു അരാജകസംവിധാനമായിരുന്നെങ്കിൽപോലും ഇത്രയും ജീവിത പ്രയാസങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ജനം കരുതിപ്പോകുന്ന സാഹചര്യങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്. പ്രകൃത്യാലോ, സമ്പദ്‌വ്യവസ്ഥയുടെയും കമ്പോള ശക്തികളുടെയും  മറ്റും പ്രവർത്തനഫലമായോ, ബാഹ്യശക്തികളുടെ ഇടപെടലുകൾകൊണ്ടോ, മറ്റേതെങ്കിലും വിധത്തിലോ  ഒരു രാഷ്ട്രത്തിലെ ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടായാൽ തങ്ങളുടെ രക്ഷയ്ക്ക് കാവലായി ഒരു ഭരണകൂടമുണ്ടെന്ന ബോധ്യമാണ് ഏതൊരു രാഷ്ട്രത്തിലെയും ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്നത്. എന്നാൽ ഇവിടെ ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യംതന്നെ ജനങ്ങളെ ഭയവിഹ്വലരാക്കുകയാണ്.

ഇവിടെ അഴിമതി കൊടികുത്തി വാഴുന്നത് ഇവിടെ ഒരു ഭരണകൂടസംവിധാനം ഉള്ളതുകൊണ്ടാണ്. കാരണം ഭരണകൂടം തന്നെയാണ് ഇവിടെ ഭീകരമായ അഴിമതി നടത്തുന്നത്. മുകൾതട്ടുമുതൽ താഴേതട്ടുവരെയും അഴിമതിയ്ക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും ഭരണകൂടം തന്നെയാണ്. ഇവിടെ ജനജീവിതം ദുസഹമാക്കും വിധം വിലവിർദ്ധനവുണ്ടാകുന്നത് ഇവിടെ ഒരു ഭരണകൂടസംവിധാനമുള്ളതുകൊണ്ടാണ്. കാരണം ഇവിടെ അടിയ്ക്കടി വിലവർദ്ധനവുണ്ടാക്കുന്നത് ജനവിരുദ്ധമായ  ഭരണകൂടനയങ്ങൾ കാരണമാണ്. വിലവർദ്ധന രൂക്ഷമാകുമ്പോൾ കമ്പോളത്തിൽ ഇടപെട്ട് അത് നിയന്ത്രിക്കേണ്ട ഭരണകൂടംതന്നെ വിലവർദ്ധവ രൂക്ഷമാക്കുവാൻ വേണ്ടി ബോധപൂർവ്വം കമ്പോള ശക്തികളെ സഹായിക്കുകയാണ്. പരമാവധി സമത്വത്തിലേയ്ക്ക് രാഷ്ട്രത്തെ നയിക്കേണ്ട ഭരണകൂടം ഇവിടെ സ്വയം അസമത്വത്തിന്റെ തത്വശാസ്ത്രമായ മുതലാളിത്തത്തെ ശക്തിപ്പെടുത്തുവാൻ ബോധപൂർവ്വം പശ്രമിക്കുകയാണ്. തങ്ങളുടെ ജീവിതം ദുരിതപിപൂർണ്ണമാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭരണകൂടം  തികഞ്ഞ  ധാഷ്ഠ്യത്തോടെ പെരുമാറുകയാണ്.  ജനകീയ സമരങ്ങളെ നിയമ- നീതിന്യായ സംവിധാനങ്ങളെ ദുരുപയോഗിച്ച് അടിച്ചമർത്തുകയാണ്.  സരരങ്ങളും പണിമുടക്കുകളും മറ്റ് പ്രതിഷേധ മാർഗ്ഗങ്ങളുമെല്ലാം വികസന വിരുദ്ധ പ്രവർത്തനങ്ങളാണെന്ന ധാരണ ബോധപൂർവ്വം സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ്. ജനാധിപത്യത്തെ കളങ്കമില്ലാതെ പരിപാലിച്ച് ശക്തിപ്പെടുത്തേണ്ട ഭരണകൂടം തന്നെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്. ജനാധിപത്യം എന്നാൽ ഇന്ന് പണാധിപത്യമായി മാറിയിരിക്കുന്നു. പണമില്ലാത്തവർക്കുകൂടി ജീവിക്കുവാനാവശ്യമുള്ള സാമൂഹ്യാവസ്ഥകൾ സൃഷ്ടിച്ചുകൊടുക്കേണ്ട ഭരണകൂടംതന്നെ കാശുള്ളവർ മാത്രം ജീവിച്ചാൽ മതിയെന്ന് ഉറക്കെ വിളിച്ചു പറയുകയാണ്. ഇവിടെ  ഭരണകൂടം മുതലാളിത്തത്തിന്റെ ദാസ്യവേല ചെയ്യുകയാണ്. മുതലാളിത്തം ഇച്ഛിക്കുന്ന രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ഏതൊരു  സാഹചര്യവും സൃഷ്ടിച്ചുകൊടുക്കുവാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് നമ്മുടെ ഭരണകൂടം നിർഭയം വിളിച്ചു പറയുകയാണ്. ഇവിടെ ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് പാവപ്പെട്ടവരും സാധാരണക്കാരുമായ  ജനം ചിന്തിച്ചുപോയാൽ അതിൽ അവരെ കുറ്റം പറയാനാകില്ല. ഒരു ഭരണകൂടംതന്നെയില്ലാതെ കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്നതും  യാന്ത്രികമായി പ്രവർത്തിക്കുന്നതുമായ ഒരു  അരാജകസമൂഹത്തിൽ പോലും ഭരണകൂട സാന്നിദ്ധ്യമുള്ള ഇപ്പോഴത്തെ അവസ്ഥയിലുള്ളതിനേക്കാൾ നീതി തങ്ങൾക്കു ലഭിക്കുമായിരുന്നു എന്ന് ജനം ചിന്തിച്ചുപോയാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ജങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടതും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി സദാ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുമായ  ഭരകൂടംതന്നെ  ജനങ്ങളുടെ ഏറ്റവും വലിയ ശത്രുവായി നിലകൊള്ളുന്നുവെന്ന ഭയാനകമായ ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ രാജ്യത്ത് നില നിൽക്കുന്നത്. പെട്രോൾ, ഡീ‍സൽ, പാചകവാതകം തുടങ്ങി സാധാരണക്കാ‍രന്റെ ജീവിതം ദുസഹമാക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങളുടെ മുഖത്തുനോക്കി ഇനിയും വിലവർദ്ധനവുണ്ടാകും വേണമെങ്കിൽ നാവടക്കി ജീവിച്ചുകൊള്ളൂ‍ എന്നാണ് നമ്മുടെ ഭരണാധികാരികൾ  ക്രൂരമായ ഭാവത്തോടെ വിളിച്ചുപറയുന്നത്.
നമ്മുടെ രാജ്യത്ത് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നല്ല; ശാസ്ത്ര-സാങ്കേതികരംഗത്തും ഗതാഗത വാർത്താവിനിമയ സൌകര്യങ്ങളുടെ കാര്യത്തിലും പ്രതിരോധത്തിന്റെ കാര്യത്തിലുമൊക്കെ വലിയ പുരോഗതി ഉണ്ടാ‍യിട്ടുണ്ട്. അതൊക്കെ ഉണ്ടാകേണ്ടതുമാണ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യാനന്തരം ഒരു കാര്യത്തിലും മുന്നേറിയിട്ടില്ലെന്നോ വികസിച്ചിട്ടില്ലെന്നോ കണ്ണുമടച്ച് ആരും പറയില്ല.  എന്നാൽ രാജ്യം വികസിച്ചു എന്നതുകൊണ്ട് ജനജീവിതത്തിനും അതിനൊത്ത പുരോഗതി ഉണ്ടായി എന്നു പറയാനാകില്ല. ഇവിടെ രാജ്യം നേടിയ പുരോഗതിയുടെ ഗുണങ്ങൾ  ഏതാനും പേർക്ക് മാത്രമാണ് അനുഭവിക്കാൻ കഴിയുന്നത്. അതാ‍യത് സമ്പന്ന വർഗ്ഗത്തിനു മാത്രം. സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുകയും ദരിദ്രർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് നമ്മുടെ രാജ്യത്ത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്. ദരിദ്രരുടെയും സാധാരണക്കാരുടെയും ജീവിതം നാൾക്കുനാൾ ദുസഹമാ‍യിക്കൊണ്ടിരിക്കുന്നു. ഇതിനുത്തരവാദികൾ മാറിമാറിവന്ന ഭരണകൂടങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ അന്നന്നത്തെ അന്നത്തിനു പോലും വല്ലാതെ കഷ്ടപ്പെടുന്നവരും പട്ടിണിക്കാരും തൊഴിലില്ലാത്തവരും കിടപ്പാടമില്ലാത്തവരും നിത്യതൊഴിൽ ഇല്ലാത്തവരും  വളരെ ശോചനീയമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവരുമാണെന്ന കാര്യം ഗൌരവത്തിലെടുത്തുകൊണ്ടുള്ള ഭരണമല്ല നാളിന്നുവരെ മാറിമാറിവന്ന സർക്കാരുകൾ നടത്തിയിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം പത്തറുപത്തഞ്ചുകൊല്ലം ജനാധിപത്യഭരണം നടന്നിട്ടും ഭൂരിപക്ഷജനതയുടെ ജീവിത സാഹചര്യങ്ങളിൽ കാര്യാ‍യ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനെ എന്തുപറഞ്ഞും ന്യായീകരിക്കാനാകില്ല. ജനസംഖ്യ ഉയർന്നതാണെങ്കിലും ഭൂവിസ്തൃതിയിലും വിഭവശേഷിയിലും പിന്നോക്കാവസ്ഥയുള്ള ഒരു രാജ്യമല്ല ഇന്ത്യ. പരാശ്രയമില്ലാതെ  സ്വയം പര്യാപ്തമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുവാനുള്ള എല്ലാ ചുറ്റുപാടുകളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. കാർഷികമായും വ്യാവസായികമായും ഗണ്യമായ പുരോഗതി കൈവരിക്കുവാനുള്ള സാഹചര്യങ്ങൾ ഇന്ത്യയിലുണ്ട്. ആ സാഹചര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയാത്തത് നാളിതുവരെ ഇവിടെ ഭരണം നടത്തിയിട്ടുള്ളവരുടെ പിടിപ്പുകേടും ആത്മാർത്ഥതയില്ലായ്മയും തന്നെയാണ്. രാജ്യപുരോഗതിക്കുപകരം സ്വന്തം കീശവീർപ്പിക്കുവാനുതകുന്ന പ്രവർത്തനങ്ങളിലുമാണ് ഭരണത്തിലേറുന്നവർ ശദ്ധിച്ചു പോരുന്നത്. ഭരണം ഉപയോഗിച്ചു സ്വന്തം കാര്യം നേടുന്ന കാര്യത്തിൽ നമ്മുടെ നേതാക്കളെ വെല്ലാൻ ലോകത്ത് മറ്റാർക്കും കഴിയില്ലതാനും! എണ്ണിത്തിട്ടപ്പെടുത്താനാകാത്തത്രയും തുകയുടെ അഴിമതികളാണല്ലോ അവർ നടത്തി ലോകത്തെ ഞെട്ടിപ്പിക്കുനത്.
രാഷ്ട്രം എന്നാൽ ഒരു ഭൂമിശാത്രപ്രദേശം മാത്രമല്ല. ഒരു ഭൂപ്രദേശവും അവിടെ കുറെ ജനങ്ങളും അവരെ നയിക്കാൻ ഒരു ഭരണകൂടസംവിധാനവും ഉള്ളപ്പോഴാണ് അത് ഒരു രാഷ്ട്രമകുന്നത്. ഉദഹരണത്തിന് അന്റാർട്ടിക്ക ഒരു രാജ്യമാണ് ഒരു രാഷ്ട്രമല്ല. കാരണം അവിടെ ആൾപ്പാർപ്പും ഗവർണ്മെന്റും ഒന്നുമില്ല. അപ്പോൾ ഒരു രാജ്യത്തിന്റെ പുരോഗതി എന്നു പറഞ്ഞാൽ ജനങ്ങളുടെ പുരോഗതിയാണ്. രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. അല്ലാതെ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതല്ല. ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടി എന്നത് ഹിറ്റ്ലറുടെ നയമാണ്. ജനമുണ്ടെങ്കിലേ രാഷ്ട്രമുള്ളൂ. ജനങ്ങളുടെ സൌകര്യത്തിനാണ് രാഷ്ട്രവും രാഷ്ട്രീയവ്യവസ്ഥിതിയും മറ്റും  ഉണ്ടാക്കുന്നത്. ഇവിടെയിപ്പോൾ  രാഷ്ട്രവും ജനങ്ങളും എല്ലാം ഭരണവർഗ്ഗത്തിനുവേണ്ടിയുള്ളതാണെന്ന് തോന്നും നമ്മുടെ ഭരണകൂട നയങ്ങൾ കണ്ടാൽ. അധികാരം നേടുന്നത് സ്വന്തം സ്വാർത്ഥത്തിനുവേണ്ടിയെന്ന് ഓരോ ഭരണാധികരിയും കരുതുന്നതിന്റെ ദുരന്തം ജനങ്ങൾ അക്ഷരാർത്ഥത്തിൽ അനുഭവിക്കുകയാണ്. ഏറ്റവും കൂ‍ടുതൽ അഴിമതി നടത്തുന്നവർ ഏറ്റവുമധികം മഹത്വവൽക്കരിക്കപെടുന്നവരായി മാറുന്നു. നമ്മുടെ ഓരോരോ മന്ത്രിമാർ ഇന്ന് അഴിമതിയിലൂടെ നേടുന്ന തുക രാജ്യം തന്നെ അളന്നുവാങ്ങാവുന്നതിലും വലുതാണ്. സമ്പത്ത് ഏതാനും വ്യക്തികളുടെ പേരിൽ കേന്ദ്രീകരിക്കാതിരിക്കുവാൻ നിയമമുണ്ടാക്കിയിട്ടുള്ള രാജ്യമാണ് നമ്മുടേതെങ്കിലും ഇന്നും ഇന്ത്യ വിലയ്ക്കുവാങ്ങാൻ കഴിവുള്ളത്രയും സമ്പന്നർ നമ്മുടെ രാജ്യത്തുണ്ട്. രാജ്യം സെന്റുവിലയ്ക്ക് അളന്നുവാങ്ങാ‍ൻ കഴിയാത്തതുകൊണ്ട് അവർ ഭരണാധികാരികളെ വിലയ്ക്കു വാങ്ങുന്നു. എന്നിട്ട് അവരുടെ ബിസിനസ് സാമ്രാജ്യങ്ങൾ വിപുലപ്പെടുത്തുന്നു. മുതലാളിത്തം അരക്കിട്ടുറപ്പിക്കുന്നു. ഭരണാധികാരികൾ ജനങ്ങളുടെ തലയിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യം വിറ്റു  വിറ്റുതുലയ്ക്കുന്നു.  അങ്ങനെ അവരും സമ്പന്നരാകുന്നു. ഇന്ന് ഇവിടുത്തെ നേതാക്കന്മാരിൽ നല്ലൊരു പങ്കും അഴിമതിയിലൂടെയും മറ്റ് അവിഹിത മാർഗ്ഗങ്ങളിലൂടെയും  അതിവേഗം രാജ്യം അളന്നുവാങ്ങാൻ കഴിയുന്നത്ര സമ്പന്നരായിക്കൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പിനുമുന്നേ രാഷ്ട്രീയപ്പാർട്ടികളെ മുതലാളിമാർ വിലയ്ക്കുവാങ്ങുന്നു. വ്യവസായികളിൽ നിന്നും മറ്റും  വാങ്ങുന്ന കാശുകൊണ്ട് രാഷ്ട്രീയകക്ഷികൾ വോട്ട്  വിലക്കു വാങ്ങുന്നു.  കാശിനു വാങ്ങിയ വോട്ടിനു പിന്നെ ജനങ്ങളോട് കടപ്പാടില്ലല്ലോ. അധികാരത്തിൽ എത്തുന്നവർ പണമൊഴുക്കി നേടുന്ന വിജയം ജനകീയ അംഗീകാരമായി കരുതുന്നില്ല. അതുകൊണ്ട് അവർ ജനങ്ങളോടുള്ള കടപ്പാടിനെ പറ്റി ചിന്തിക്കുന്നതുമില്ല. വിലപ്പെട്ട സമ്മതിദാനാവകാശം എന്നത് ഇന്ന് പണപരമായിത്തന്നെ പറയാൻ കഴിയും. വോട്ട് പോലും ഇന്ന് പണം നൽകി വാങ്ങാവുന്ന ഒരു ഉപഭോഗ വസ്തുവാണ്. സമ്പന്ന വർഗ്ഗതാല്പര്യം സംരക്ഷികുവാനുതകുന്ന ഭരണം വരുവാൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വൻ കുത്തകകളും മൾട്ടി നാഷണൽ കമ്പനികളും പണം ഒഴുക്കുന്നു. ഈ പണം പലവിധത്തിൽ പ്രയോജനപ്പെടുത്തി ജനങ്ങളെ വിലയ്ക്കുവാങ്ങുന്ന ദല്ലാൾമാരായി  പ്രബല രാഷ്ട്രീയപ്പാർട്ടികളും അവയുടെ നേതാക്കളും മാറുന്നു. മുതലാളിമാർക്കു വേണ്ടി ഭരണം നടത്തുന്ന ഏജന്റുമാരായി ഭരണാധികാരികൾ മാറുന്നു. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്നാണ് ഏബ്രഹാം ലിങ്കൺ ജനാധിപത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. എന്നാൽ ഇവിടെയിപ്പോൾ ജനാധിപത്യം എന്നുപറഞ്ഞാൽ  മുതലാളിമാർക്കുവേണ്ടി മുതാ‍ളിമാരാൽ സൃഷ്ടിക്കപ്പെടുന്ന മുതലാളിമാരുടെ ഭരണം എന്നായി  മാറിയിരിക്കുന്നു  തെരഞ്ഞെടുപ്പിനു കുത്തകകളും മൾട്ടി നാഷണൽ കമ്പനികളും സംഭാവന ചെയ്ത പണം തിരിച്ചു പിടിക്കാൻ കുത്തകകൾക്കു വേണ്ട സൌകര്യങ്ങൾ  ഭരണം നേടുന്നവർ ചെയ്തുകൊടുക്കുന്നു. അവിടെ രാജ്യത്തിന്റെ ഖജനാവോ, കഷ്ടന്ഷ്ടങ്ങളോ, ജനങ്ങളോ ഒന്നും ഭരണനേതാക്കൾക്ക് ഒരു പ്രശ്നമേയല്ല. രാ‍ഷ്ട്രീയം ഒരു വ്യവസായമായാണ് ഇന്ന് നമ്മുടെ രാഷ്ട്രീയക്കാർ കാണുന്നത്. പണ്ടൊക്കെ മുതൽ മുടക്കില്ലാത്ത ഒരു ബിസിനസ്സാണ് രാഷ്ട്രീയമെന്ന് പറയുമായിരുന്നു. എന്നാൽ ഇന്ന് മുതലുള്ളവർ പലരും മുതലിറക്കിത്തന്നെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. മുടക്കുന്നതിന്റെ എത്രയോ മടങ്ങ് തിരിച്ചുപിടിക്കാമെന്ന ഉറപ്പ് അവർക്കുണ്ട്. ഒരു മന്ത്രിതന്നെ ആകണമെന്നില്ല. ഒരു എം.എൽ.എയോ, എം.പിയോ ഭരണാധികാരികളെ സ്വാധീനിക്കാനാകുന്ന എന്തെങ്കിലുമൊരു സ്ഥാനമോ മതി ഇന്ന് പണമുണ്ടാക്കാൻ. അങ്ങനെ പണം മുടക്കിയും മുടക്കാതെയും രാഷ്ട്രീയത്തിൽ ലാഭക്കച്ചവടത്തിനിറങ്ങുന്നവർ ആർജ്ജിക്കുന്ന അധികാരം ഉപയോഗിച്ച് അവർ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുമെന്ന് വിശ്വസിക്കുന്ന സാമാന്യജനമാണ് വിഡ്ഢികൾ. നിത്യോപയോഗസാധനങ്ങളുടെ വിലകൂടിയാലോ രാജ്യത്ത് ജനങ്ങൾ പട്ടിണിയിലും ദുരിതത്തിലും ആയാലോ അവർക്കെന്ത്? ഇവിടെ പെട്രൊളിന്റെ വിലകൂട്ടിയാൽ സകലമാന സാധനങ്ങളുടെയും വിലകൂടുമെന്ന് അറിയാഞ്ഞിട്ടല്ലല്ലോ അതിന്റെ വർദ്ധിപ്പിക്കുന്നത്. പെട്രോൽ വിലകൂട്ടാനും കുറയ്ക്കാനുമുള്ള അധികാരംതന്നെ ഇപ്പോൾ എണ്ണക്കമ്പനികൾക്കാണ്. ഇനി ഡീസലിന്റെ വിലനിശ്ചയിക്കുവാനുള്ള അവകാശവും എണ്ണകമ്പനികൾക്ക് നൽകാ‍ൻ പോകുകയാണത്രെ. കമ്പോളത്തിലുള്ള ഇടപെടലിൽ നിന്ന് ഘട്ടം ഘട്ടമായി സർക്കാർ പിൻ‌വാങ്ങുകയെന്നാൽ യാന്ത്രികമുതലാളിത്തത്തിനു രാജ്യം സമ്പൂർണ്ണമായും വിട്ടുകൊടുക്കുക എന്നാണർത്ഥം. സ്വകാര്യവൽക്കരണനയം വഴി പൊതുമേഖല എന്നൊന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ആഗോളവൽക്കരണം, സ്വകര്യവൽക്കരണം, ഉദാരവൽക്കരണം ഇവയൊക്കെ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന വിപത്തുകളെക്കുറിച്ച് വിവരമുള്ളവർ മുമ്പേ ചൂണ്ടിക്കാണിച്ചപ്പോൾ അവരെ കളിയാക്കുകയും മനുഷ്യനു പറഞ്ഞാൽ മനസിലാകുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കൂ എന്നു പറയുകയും ചെയ്തവരുണ്ട്.  അവർക്കുകൂടിയും  ഇപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ മനസിലായിത്തുടങ്ങി. ക്രമേണ ഉണ്ടാകുമെന്നു പറഞ്ഞ വിപത്തുകൾ പ്രതീക്ഷിച്ചതിലും പ്രവചിച്ചതിലും നേരത്തേ സംഭവിച്ചു എന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനു ലോകത്ത് രണ്ട് മാതൃകകൾ ഉണ്ടായിരുന്നു. ഒന്ന് സോഷ്യലിസത്തിന്റെയും മറ്റൊന്ന് മുതലാളിത്തത്തിന്റെയും. സോഷ്യലിസം ഒരു  ലക്ഷ്യമായിത്തന്നെ  നമ്മുടെ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചവേളയിൽ  അന്ന്  സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല അംശങ്ങൾ ഉൾപ്പെടുത്തി രണ്ടിന്റെയും ദോഷവശങ്ങൾ ഉണ്ടാകാത്തവിധം ഒരു മിശ്രസമ്പദ്വ്യവസ്ഥയാണ് അന്നത്തെ നേതാക്കൾ മുന്നോട്ടു വച്ചത്. ആത്യന്തികമായി സോഷ്യലിസം സ്ഥാപിക്കാനുതകും വിധമുള്ള ഒരു ക്രമീകരണം  എന്ന നിലയ്ക്കാണ് മിശ്രസമ്പദ് വ്യവസ്ഥ അന്ന് വിഭാവന ചെയ്തത്. ഇന്നും സാമ്പത്തികശാസ്ത്രത്തിൽ ഇന്ത്യ ഒരു മിശ്രസമ്പദ് വ്യവസ്ഥയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ മിശ്രസമ്പദ് വ്യവസ്ഥയിൽ മുതലാളിത്തഘടകങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കി സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുവാൻ പരിശ്രമിക്കേണ്ട ഭരണാധികാരികൾ തനിമുതലാളിത്തത്തിന്റെ പാതയിലേയ്ക്കാണ് ഇന്ത്യയെ നയിച്ചത്. കാലക്രമേണ സോഷ്യലിസം എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നതിനു പകരം പൊതുമേഖലയെ ആകെ തകർത്ത് ഒരു മുതലാളിത്ത സമൂഹം സൃഷ്ടിച്ചെടുക്കുന്നതിനുള്ള വ്യഗ്രതയായിരുന്നു ഇവിടെ ഭരണത്തിലേറുന്നവർക്ക്. ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നീ നയങ്ങൾ പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ത്യ സോഷ്യലിസം എന്ന ലക്ഷ്യത്തിൽ നിന്ന് ഏറെ അകലുകയും തനിമുതലാളിത്തത്തോട് അതിവേഗം അടുക്കുകയും ചെയ്തു. ഇന്ന് നമ്മുടെ ഭരണാധികാരിവർഗ്ഗം സോഷ്യലിസം എന്ന പദം ഒരു അലങ്കാരത്തിനുവേണ്ടി പോലും ഉച്ചരിക്കാതായിരിക്കുന്നു. എന്നുതന്നെയല്ല സമ്പൂർണ്ണ മുതലാളിത്ത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുവാൻ പ്രതിജ്ഞാബദ്ധമാണ്‌ തങ്ങളെന്ന് ഭരണനേതൃത്വം സദാ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ സംഘാടനത്തിനു നേതൃത്വം വഹിച്ച നമ്മുടെ രാജ്യം ഇന്ന് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു അമേരിക്കൻചേരിരാഷ്ട്രം എന്ന നിലയിൽ അറിയപ്പെടുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു. ലോകമാകെ സാമ്രാജ്യത്വത്തിനെതിരെ ജനരോഷമുയർന്നുവരുമ്പോൾ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക്  നമ്മുടെ രാജ്യത്തെ  അടിയറവയ്ക്കുന്ന നയങ്ങളാണ് നമ്മുടെ ഭരണകൂടം സ്വീകരിക്കുന്നത്. ലാഭേച്ഛയിൽ അധിഷ്ഠിതമായ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥിതി ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ ലക്ഷ്യമാകുമ്പോൾ വില വർദ്ധനയെക്കുറിച്ചോ പാവപ്പെട്ടവരുടെയും  സാധാരണക്കാരുടെയും  ജീവിത പ്രയാസങ്ങളെക്കുറിച്ചോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കഴിവുള്ളവർ അതിജീവിക്കും എന്നതാണ് മുതലാളിത്തത്തിന്റെ ധാർഷ്ഠ്യാദർശം. അതുകൊണ്ട് പാവപ്പെട്ടവരും സാധാരണക്കാരും കഴിവില്ലാത്തവരാണെങ്കിൽ സ്വയം കെട്ടടങ്ങുകയേ നിവൃത്തിയുള്ളൂ. ഇനി പ്രതിഷേധിക്കാമെന്നാണെങ്കിൽ അതിനുള്ള അവകാശങ്ങളൊക്കെ നീതി പീഠത്തിന്റെ കൂടി സഹായത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പാതയൊര പൊതുയോഗ നിരോധനം, സമാധാനപരമായി പോലും സമരം ചെയ്യുന്നവരുടെ പേരിൽ  കേസെടുക്കൽ, മാധ്യമസ്വാതന്ത്ര്യത്തിനുനേർക്കുള്ള ഭരണകൂട ഇടപെടലുകൾ, സോഷ്യൽ നെറ്റ് വർക്കുകൾക്കുമേലുള്ള വിലക്കുകൾ എന്നൊക്കെ കേൾക്കുമ്പോൾ  അരാഷ്ട്രീയവൽക്കരിക്കപ്പെട്ട മനസുകൾക്ക് അതെല്ലാം  നല്ല കാര്യങ്ങളായി തോന്നും. എന്നാൽ ജനങ്ങളെ അടിച്ചമർത്തി ഭരിക്കാനുളള ഭരണകൂടത്തിന്റെയും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാമ്രാജ്യത്വത്തിന്റെയും  കുടിലതന്ത്രങ്ങളുടെ ഫലമായാണ് സമൂഹം അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. അരാഷ്ട്രീയവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകില്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ ബഹുമാനപ്പെട്ട നീതിപീഠങ്ങളുടെ ഭാഗത്തുനിന്നും  ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കുന ഇടപെടലുകൾ ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ഭരണകൂടവും പോലീസും, നീതിപീഠവും അപ്പാടെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായാൽ സംഭവിക്കുന്നത് ഭരണകൂടഭീകരതയായിരിക്കും. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുനത്. ഇങ്ങനെ പോയാൽ  ജനാധിപത്യം എന്നാൽ ഒരു ഭരണകൂടം സ്ഥാപിക്കുനതിനുള്ള  കേവലമായ ഒരു ഉപാധി എന്നതിനപ്പുറം ഒന്നുമല്ലാതാകുന്ന സ്ഥിതിയുണ്ടാകും. തെരഞ്ഞെടുപ്പുകൾ  ഭരണകൂട ഭീകരതയ്ക്കുള്ള ഒരു ലൈസൻസ് ആയി മാറും. ഇപ്പോഴത്തെ നിലവച്ചു നോക്കിയാൽ ഇവിടെ  ജനാധിപത്യമാർഗ്ഗത്തിലൂടെ സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കപ്പെടുന്ന വിരോധാഭാസമാണ് ഭാവിയിലും  നമുക്ക് പ്രതീക്ഷിക്കാവുന്നത്!

കിളിമാനൂരിന്റെ നാൾവഴികളിലൂടെ (പഴയകുന്നുമ്മേലിന്റെയും)

കിളിമാനൂരിന്റെ നാൾവഴികളിലൂടെ (പഴയകുന്നുമ്മേലിന്റെയും)
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്.  ആസ്ഥാനം കിളിമാനൂർ ടൌൺ. കുന്നുകളും താഴ്വരകളും സമതലങ്ങളും  പാറക്കെട്ടുകളും  തോടുകളും ആറും  സസ്യലതാദികളും   എല്ലാമുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള  മനോഹരമായ ഒരു ഗ്രാമപ്രദേശം. പ്രധാനമായും ഒരു കാർഷികമേഖല. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഉയർന്ന നിലവാരം പുലർത്തുന്നവരും  സംസ്കാരസമ്പന്നരും പൊതുവെ   സമാധാനപ്രിയരും എന്നാൽ  പണ്ടുമുതൽക്കേ  അനീതികൾക്കെതിരെ സമരോത്സുകരുമായമായ ഒരു ജനത.   കിളിമാനൂർ ടൌൺ ഉൾപ്പെടെ പണ്ടത്തെ കുന്നുമ്മേൽ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങൾ അടങ്ങുന്ന ഒരു ഭൂപ്രദേശം. തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് ചിറയിൻ കീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജ് മൊത്തമായും ഉൾക്കൊള്ളുന്നതാണ് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്. തിരുവനനതപുരം  കൊല്ലം ജില്ലകൾ ഈ പഞ്ചായത്ത് പ്രദേശത്തുവച്ച്  അതിർത്തി പങ്കിടുന്നുണ്ട്. ഇന്ന് കിളിമാനൂർ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുന്നത് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലാണ്. അതുകൊണ്ടുതന്നെ പഴയകുന്നുമ്മേലിന്റെ ചരിത്രം എന്നാൽ കിളിമാനൂരിന്റെയും ചരിത്രംതന്നെ.
കൊല്ലവർഷം 938-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തുല്യം ചാർത്തിക്കൊടുത്ത് കിളിമാനൂർ അധികാരത്തിനും വളരെ മുമ്പ് ഇന്നത്തെ കുന്നുമ്മേൽ തലസ്ഥാനമാക്കി അതിപ്രബലമായ ഒരു ആദിവാസിരാജ്യം ഉണ്ടായിരുന്നു. ഉമയമ്മറാണി ഈ രാജ്യം തകർക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് മാർത്താണ്ഡവർമ്മ ഉമയമ്മ റാണിയെ തോല്പിച്ചു. ആ കുന്നുമ്മേലിന്റെ പേരാണ് ചരിത്രപരമായി കിളിമാനൂർ ടൌൺ ഉൾപ്പെടുന്ന പഴയകുന്നുമേൽ പഞ്ചായത്തിനു കിട്ടിയത്. പഴയകുന്നുമ്മേൽ  പഞ്ചായത്ത് രൂപീകരിക്കപ്പെട്ടപ്പോൾ പഴയ ആ കുന്നുമ്മേൽ രാജ്യത്തിൽ  ഉൾപ്പെട്ടിരുന്ന    മേഖല  എന്ന നിലയിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് എന്ന് നാമകരണം ചെയ്യപ്പെടുകയായിരുന്നു. ഇന്നത്തെ കുന്നുമ്മേൽ പ്രദേശം ഉൾപ്പെടെ മൊത്തത്തിൽ കിളിമാനൂർ എന്നു തന്നെയണ് പണ്ടു മുതലേ അറിയപ്പെട്ടിരുന്നത്. കിളിയും മാനും ഉള്ള ഊര് എന്ന അർത്ഥത്തിലാണത്രേ ഈ സ്ഥലനാമം ഉണ്ടായത്. അങ്ങനെയെങ്കിൽ കിളിയും മാനും മാത്രമല്ല മറ്റു പല പക്ഷി മൃഗാദികളും സസ്യജാലങ്ങളും ഉണ്ടായിരുന്ന ഒരു വനമേഖലയായിരുന്നു ഇതെന്ന് ഊഹിക്കാവുന്നതാണ്. കാടും മേടും വെട്ടിത്തെളിച്ചെടുത്ത ഒരു അധിവാസ മേഖലയാണിത്.  ഔദ്യോഗികമായി പഞ്ചായത്ത് പ്രദേശമാണെങ്കിലും കിളിമാനൂർ  ഇന്ന് നാഗരികസ്വഭാവം കൈവരിച്ചിരിക്കുന്ന മേഖലയാണ്  ഇന്നത്തെ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രദേശമുൾപ്പെടെ ഏകദേശം ഏഴ് ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള മേഖല കിളിമാനൂർ എന്ന് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ അറിയപ്പെട്ടിരുന്നു. അതിനാൽ പഴയകുന്നുമ്മേലിന്റെ ചരിത്രം കീളിമാനൂരിന്റെ ചരിത്രം തന്നെയാണ്.
ഇന്ത്യയിൽ കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്താണ് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് കൊല്ലം ജില്ലയോട് ചേർന്ന് കിടക്കുന്ന തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രദേശമാണ്. ഇതിന്റെ വടക്ക് കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമ പഞ്ചായത്തും, ഏതാണ്ട് വടക്കു കിഴക്കു ഭാഗത്തായി കൊല്ലം ജില്ലയുടെ തന്നെ കടയ്ക്കൽ ഗ്രാമ പഞ്ചായത്തുമാണ്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ  പടിഞ്ഞാറു വശത്തായി കിളിമാനൂർ എന്ന പേരിലുള്ള  ഗ്രാമ പഞ്ചായത്തും ( കിളിമാനൂർ ഗ്രാമപഞ്ചായത്ത് എന്നപേരിൽ മറ്റൊരു ഗ്രാമ പഞ്ചായത്ത് ഇതിനോട് ചേർന്ന് ഉണ്ടെങ്കിലും കിളിമാനൂർ ടൌണിന്റെ പ്രധാന ഭാഗങ്ങൾ അതിൽ   ഉൾപ്പെടുന്നില്ല), തെക്ക് പുളിമാത്ത് ഗ്രാമപഞ്ചായത്തും   സ്ഥിതി ചെയ്യുന്നു. ചിറയിൻ കീഴ് താലൂക്കിൽ ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ വില്ലേജിനെ പൂർണ്ണമായും ഉൾക്കൊള്ളുന്നതാണ് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശം. ഇത് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശവുമാണ്. ആറ്റിങ്ങൽ പാർളമെന്റ് മണ്ഡലത്തിലും ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലുമാണ് ഇപ്പോൾ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രദേശം ഉൾപ്പെടുന്നത്. ചരിത്രത്തിന്റെ ഭാഗമായ കിളിമാനൂർ കൊട്ടാരം കിളിമാനൂർ ടൌണിനോട് ചേർന്നാണെങ്കിലും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിനു പുറത്ത് കിളിമാനൂർ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. പേരുപരമായി കിളിമാനൂർ ഗ്രാമപഞ്ചായത്ത്  മറ്റൊരു ഗ്രാമ പഞ്ചായത്ത് ആയിപ്പോയി. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രവും ഏറ്റവും പ്രധാനപ്പെട്ട സ്ഥലവുമായ കിളിമാനൂർ ടൌൺ ഏതാണ്ട് പൂർണ്ണമായും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽതന്നെയാണ്. അതുകൊണ്ടാണ് കിളിമാനൂരിന്റെ  ചരിത്രവും പഴയകുന്നുമ്മേലിന്റെ ചരിത്രവും ഏറെക്കുറെ ഒന്നാകുന്നത്. പഞ്ചായത്തുകളുടെ പേരിട്ടപ്പോൾ കിളിമാനൂർ കൊട്ടാരം ഉൾപ്പെടുന്ന തൊട്ടടുത്ത പഞ്ചയത്തിന് കൊട്ടാരത്തിന്റെ ചരിത്രപ്രാധാന്യം കൊണ്ട് കിളിമാനൂർ ഗ്രാമപഞ്ചായത്തെന്ന് പേർ വന്നു ഭവിച്ചു. കിളിമാനൂർ ഗ്രമപഞ്ചായത്തിന്റെ ചരിത്രവും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രവും സമീപത്തുള്ള മറ്റു ചില പഞ്ചാ‍യത്തുകളുടെ ചരിത്രവും കൂട്ടിക്കെട്ടിയാൽ മാത്രമേ ശരിക്കും കീളിമാനൂരിന്റെ സമ്പൂർണ്ണ ചരിത്രം ആവുകയുള്ളൂ. യഥാർത്ഥത്തിൽ വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവികർമ്മയുടെ ജനനസ്ഥലമായ കിളിമാനൂർ കൊട്ടാരം കൂടി ഇപ്പോഴത്തെ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെടുകയും  ഈ പഞ്ചായത്തിന്റെ പേര് കിളിമാനൂർ പഞ്ചായത്തെന്നും ആകേണ്ടതായിരുന്നു.  പക്ഷെ പഴയ കുന്നുമ്മേൽ രാജ്യത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുക്കുമ്പോൾ പഴയ കുന്നുമ്മേൽ എന്ന പേരിലും ഒരു പഞ്ചായത്ത് ഉണ്ടാകേണ്ടിയിരുന്നതുതന്നെ. വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മഗൃഹമായ ആ കിളിമാനൂർ രാജകൊട്ടാരം പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിനു പുറത്ത് കിളിമാനൂർ ഗ്രാമ പഞ്ചയത്തിലാണ് ഇപ്പോൾ ഉൾപ്പെടുന്നത്.  പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിനോട് ചേർന്നു തന്നെയാണ് കിളിമാനൂർ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എന്നാൽ കിളിമാനൂർ ടൌണിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമേ കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നുള്ളൂ. കിളിമാനൂർ ഗ്രാമ പഞ്ചായത്തും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് ചിന്താക്കുഴപ്പം ഉണ്ടാകാതിരിക്കുവാനാണ് അതേ പറ്റി ആവർത്തിച്ച് അല്പം വിശദമായിത്തന്നെ ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് മേഖലയും കിളിമാനൂർ ഗ്രാമ പഞ്ചായത്ത് മേഖലയും ഒരുമിച്ചെടുത്താലും  ഈ മേഖലയിൽ ഒരു പട്ടണത്തിന്റെ സ്വഭാവം കൈവരിച്ചിട്ടുള്ളത് കിളിമാനൂർ ടൌൺ ആണ്. നിരവധി സർക്കാർ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ബഹുനില കെട്ടിടങ്ങളുമായി ഒരു നാഗരിക സ്വഭാവത്തിലുള്ളതാണ് കിളിമാനൂർ ടൌൺ. ഭരണപരമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ കേന്ദ്രമാണെങ്കിലും അടുത്തടുത്ത് കിടക്കുന്ന പഴയകുന്നുമ്മേൽ, കിളിമാനൂർ, പുളിമാത്ത്, നഗരൂർ, കരവാരം, മടവൂർ, പള്ളിയ്ക്കൽ, നാവായിക്കുളം   എന്നീ പഞ്ചായത്തുകളുടെയും ഒരു കേന്ദ്രസ്ഥാനമാണ് കിളിമാനൂർ ടൌൺ എന്നു പറയാം. പ്രത്യേകിച്ചും പഴയകുന്നുമ്മേൽ, കിളിമാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പ്രധാന വ്യാപാര കേന്ദ്രം കിളിമാനൂർ ടൌൺ ആണ്.
സവിശേഷമായ സ്ഥലനാമങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ. ഇതിൽ തട്ടത്തുമല കിളിമാനൂർ ടൌൺ കഴിഞ്ഞാൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ്. ഇത് കിളിമാനൂർ എന്ന പോലെ സ്റ്റേറ്റ് ഹൈവേയിൽ ആണ്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രധാന സ്ഥലനാമങ്ങളാണ് തട്ടത്തുമല, തൊളിക്കുഴി, അടയമൺ, വയ്യാറ്റിൻകര, ചെമ്പകശ്ശേരി, കുറവൻ‌കുഴി, പാപ്പാല, വണ്ടന്നൂർ, മഞ്ഞപ്പാറ, ഇരട്ടച്ചിറ, ഊമൻപള്ളിക്കര, ചിറ്റിലഴികം, പുതിയകാവ്, കുന്നുമ്മേൽ, കടമുക്ക്, ചാറയം, വട്ടപ്പച്ച, ഷെഡ്ഡിൽക്കട, കാനാറ, കൊപ്പം, പോട്ടലിൽ, മുതുകുറിഞ്ഞി, ആറ്റൂർ, പറണ്ടക്കുഴി, ചെറുനാരകംകോട്, പയ്യനാട്, കടമ്പ്രവാരം, നെടുമ്പാറ, നെല്ലിക്കുന്ന്, മറവക്കുഴി, ചാവേറ്റിക്കാട്, പെരുംകുന്നം, വാഴോട്, കന്നിക്കുഴി, ശാസ്താംപൊയ്ക, വണ്ടിത്തടം, വല്ലൂർ തുടങ്ങിയവ. കൂടാതെ കിളിമാനൂർ ടൌണിന് പലഭാഗത്തും പല പേരുകൾ ഉണ്ട്. മുക്ക്റോഡ്, മഹാദേവേശ്വരം, തുണ്ടിൽക്കട, ഊമൻപള്ളിക്കര, പുതിയകാവ് മുതലായവ കിളിമാനൂർ ടൌണിന്റെ ഭാഗങ്ങളാണ്. കിളിമാനൂർ  കെ.എസ്.ആർ.റ്റി.സി ബസ്റ്റാൻഡ് സ്റ്റേറ്റ് ഹൈവേയ്ക്ക് (എം.സി.റോഡ്) അടുത്ത് തുണ്ടിൽകട ഭാഗത്തും, പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുക്ക് റോഡിനു സമീപം ആറ്റിങ്ങൽറോഡിലും സ്ഥിതി ചെയ്യുന്നു. ഇത് രണ്ടും കിളിമാനൂരിന്റെ ഹൃദയഭാഗങ്ങളിൽ തന്നെ. പോലിസ്  സ്റ്റേഷനും സർക്കിൾ ഓഫീസും ഒരുമിച്ച് ടൌണിനടുത്തുതന്നെ  സ്റ്റേറ്റ് ഹൈവേയിൽ  ഊമൻപള്ളിക്കര ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇനി സിവിൽ സ്റ്റേഷൻ വരുന്നതും പോലിസ് സ്റ്റേഷനോട് ചേർന്നാണ്. ബാങ്കുകൾ മിക്കതും ടൌണിന്റെ ഹൃദയഭാഗങ്ങളിൽ തന്നെ. തിരുവനന്തപുരത്തുനിന്നും വരുന്ന എം.സി റോഡ് അഥവാ സ്റ്റേറ്റ് ഹൈവേ കിളിമാനൂർ ടൌണിനെയും പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിനെയും കീറി മുറിച്ചുകൊണ്ട് കൊട്ടാരക്കര-കോട്ടയം  ഭാഗത്തേയ്ക്ക് പോകുന്നു.
നയനാഭിരാമമായ പ്രകൃതി ദൃശ്യങ്ങളാൽ അനുഗ്രഹീതമായ കിളിമാനൂർ- പഴയകുന്നുമ്മേൽ പ്രദേശത്തിന് ഒരു സുന്ദരഗ്രാമീണ ഛായയാണുള്ളത്. പച്ചപിടിച്ച സസ്യ ലതാദികളും കുന്നുകളും, താഴ്വരകളും, സമതലങ്ങളും, വയലേലകളും, ആറുകളും ചെറുതോടുകളും, ഉയരമുള്ള പാറകളും, പാറക്കൂട്ടങ്ങളും, സസ്യലതാദികളും എല്ലാമുള്ള ഒരു ഗ്രാമം. രാഷ്ട്രീയവും സാംസ്കാരികവും, കലാ സാഹിത്യപരവും ഒക്കെയായി ഉന്നത നിലവാരം പുലർത്തുന്ന ഈ പ്രദേശത്തിനും അതിന്റേതായതും സവിശേഷമായതുമായ ഒരു പശ്ചാത്തലം ഉണ്ട്. നിരവധി സാമൂഹ്യ പരിഷ്കർത്താക്കൾക്കും, തൊഴിലാളി കർഷക-കർഷക ത്തൊഴിലാളി നേതാക്കൻ‌മാർക്കും, അവകാശ സമര നായകൻ‌മാർക്കും, പണ്ഡിത ശ്രേഷ്ഠൻ‌മാർക്കും, സാഹിത്യ നായകൻ‌മാർക്കും, ചിത്രകാരൻ‌മാർക്കും ജന്മം നൽകിയിട്ടുള്ള മണ്ണാണിത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നാമധേയമാണ് വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടേത്.
ഫ്യൂഡലിസവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വർണ്ണവർഗ്ഗ ചിന്തകളും ഒരു കാലത്ത്  കേരളത്തിൽ എല്ലായിടത്തുമെന്നപോലെ ഇവിടെയും നിലനിന്നിരുന്നു. അത്തരം അസമത്വ-ചൂഷണ വ്യവസ്ഥകളിൽ നിന്നെല്ലാം മോചിതമായ പ്രദേശമാണിത്. നാളിതുവരെ എടുത്തുപറയത്തക്ക ഒരു ജാതിവർഗ്ഗസംഘട്ടനങ്ങളും ഈ മണ്ണിൽ ഉണ്ടായിട്ടില്ല. രാഷ്ട്രീയ സംഘട്ടനങ്ങളിൽ നിന്നും മറ്റുതരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവുള്ള പ്രദേശമെന്ന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾ ഇവിടെ ഏറെയൊന്നും ഉണ്ടായിട്ടില്ല. പൊതുവെ പറഞ്ഞാൽ സമാധാന കാംക്ഷികളും ഉയർന്ന ചിന്താഗതി പുലർത്തുന്നവരുമാണ് ഇവിടെ കൂടുതലായും ഉള്ളത്. വിദ്യാഭ്യാസപരമായി ഉണ്ടായിട്ടുള്ള ഉയർച്ചയാണ് ഇതിനു കാരണം. ഔപചാരിക വിദ്യാഭ്യാസവും സമാന്തരവിജ്ഞാനവും നേടിയിട്ടുള്ളവരാണ് ബഹുഭൂരിപക്ഷവും. അഭ്യസ്ഥവിദ്യർ നൂറുകണക്കിനുണ്ട് ഈ പ്രദേശത്ത്. ഈ പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ മുതലായവ ജനങ്ങളെ സാംസ്കാരിക ബോധമുള്ളവരാക്കാൻ സഹായിച്ചുപോരുന്നു.
ചരിത്രപശ്ചാത്തലം

“ആശയങ്ങളും സാഹചര്യങ്ങളുമാണ് വിപ്ലവങ്ങൾ രചിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്നവരും തങ്ങളുടെ ആശയങ്ങൾക്ക് ഇണങ്ങാത്തവരുടെ നേർക്കെല്ലാം കണ്ണടയ്ക്കുന്നവരുമായവർ വിചാരിക്കുന്നത് വിപ്ലവങ്ങൾ പ്രക്ഷോഭകാരികളുടെ സൃഷ്ടികളാണെന്നാണ്. യഥാർത്ഥത്തിൽ വയലിൽ നിന്നും തെരുവിൽ നിന്നും ചന്തസ്ഥലത്തുനിന്നുമാണ് പല വിപ്ലവങ്ങളും ഉടലെടുക്കുന്നത്. അവരുടെ മട്ടുകൾ അതിനാൽ പ്രാകൃതവും അസുന്ദരവുമാകാം. വിപ്ലവങ്ങൾ രചിക്കുന്നവർ രാജാക്കൻ‌മാരോ രാജ്യതന്ത്രജ്ഞരോ ഉയർന്ന വിദ്യാഭ്യാസം സിദ്ധിച്ചവരോ ആകണമെന്നില്ല. അവരുടെ ഭാഷയാകട്ടെ ഏതു കുതന്ത്രങ്ങളെയും മൂടിവയ്ക്കാൻ കഴിവുറ്റ ഒരു കുലീന ഭാഷയും ആകണമെന്നില്ല. അവരുടെ ചുറ്റുപാടുകളിൽ  യാതൊരുവിധ  നിഗൂഢതകളുമില്ല. തങ്ങളുടെ മനോവൃത്തികളെ മറച്ചു പിടിക്കാനുള്ള യാതൊരു മൂടുപടവും അവർക്കില്ല. അവരുടെ ശരീരങ്ങൾക്കുപോലുമില്ല വേണ്ടിടത്തോളം മറവ്. എന്നിട്ടുവേണ്ടേ മനസ്സിന്.”
ശ്രീ. ജവഹർലാൽ നെഹ്‌റുവിന്റെ “വിശ്വചരിത്രാവലോകനം” എന്ന പുസ്തകത്തിലെ ഈ വരികളെ അന്വർത്ഥമാക്കിക്കൊണ്ടാണ് 1935 മുതൽ 1947 ആഗസ്റ്റ് 14 വരെ ഈ നാട്ടിൽ നടന്ന ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും ജനങ്ങൾ പങ്കാളികളായത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിലും  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലും നമ്മുടെ നാ‍ടിന്റെ സാമൂഹ്യസ്ഥിതി പരിതാപകരമായിരുന്നു. ജാതിവ്യവസ്ഥ, അയിത്തം, ജന്മി അടിയാൻ സമ്പ്രദായം എന്നിവ സമൂഹത്തിൽ കൊടികുത്തി വാണിരുന്നു. ചിറയിൻ‌കീഴ് താലൂക്കിൽ ആറ്റിങ്ങലിലും കിളിമാനൂരിലുമാണ്  ദേശീയ പ്രസ്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും ആരംഭം കുറിച്ചത്. പഴയകുന്നുമ്മേൽ ഗ്രാ‍മപഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായ കിളിമാനൂരിൽ അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി ആളുകൾ ഇതിൽ ഭാഗഭാക്കുകളായിരുന്നു. ആ സംഭവങ്ങളുടെ വിധാതാക്കളിൽ മിക്കവരും കഥാശേഷരായി കഴിഞ്ഞു. അവശേഷിക്കുന്നവരാകട്ടെ വാർദ്ധക്യസഹജമായ ഓർമ്മക്കുറവുമായി കഴിഞ്ഞുകൂടുകയാൽ അവർ നൽകിയ വിവരങ്ങൾ പലതും അപൂർണ്ണങ്ങളുമാണ്. അതുകൊണ്ടുതന്നെ ഈ ചരിത്രാന്വേഷണ പരിശ്രമത്തിന് കണക്കിലെടുക്കാൻ കഴിയുന്നത് കടയ്ക്കൽ, കല്ലറ-പാങ്ങോട് വിപ്ലവങ്ങളോട് അനുബന്ധിച്ച് ഗവർണ്മെന്റിന്റെ പക്കലുള്ള വിവരങ്ങളാണ്. എന്നാൽ ഒരു സമ്പൂർണ്ണ ചരിത്രം അതിൽനിന്നും ലഭ്യമാവുകയുമില്ല. കിളിമാ‍നൂരിന്റെ ഒരു സമഗ്രവും ആധികാരികവും അന്വേഷണാത്മകവുമായ  ചരിത്രം ഇനിയും എഴുതപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. (മേൽ പറഞ്ഞസ്ഥലങ്ങളിൽ   കടയ്ക്കൽ ഇപ്പോൾ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ആണ്. കല്ലറ പാങ്ങോട് എന്നീ സ്ഥലങ്ങൾ തിരുവനന്തപുരം ജില്ല്ലയിൽ നെടുമങ്ങാട് താലൂക്കിലാണ്. എന്നാൽ കിളിമാനൂർ, കല്ലറ, പാങ്ങോട്, കടയ്ക്കൽ  നിലമേൽ ഇതൊക്കെത്തന്നെ അടുത്തടുത്ത പ്രദേശങ്ങളാണ്).
ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഈ പ്രദേശത്തെ  ഒരു വലിയ നിര പങ്കെടുത്തിരുന്നു. 1935-ൽ തുടങ്ങി 1947 വരെയും വിവിധ പോരാട്ടങ്ങളിൽ പങ്കെടുത്ത ധീരദേശാഭിമാനികൾ കിളിമാനൂർ- പഴയകുന്നുമ്മേൽ പ്രദേശത്ത് ഉണ്ടായിരുന്നു. ഇവരിൽ പ്രമുഖരായിരുന്നു വി.എസ്.പോറ്റി, കിളിമാ‍നൂർ ശങ്കരപ്പിള്ള, പെരിഞ്ഞൂലി ഗോവിന്ദപ്പിള്ള, രാമൻ‌കുട്ടിഭക്തൻ, കാഞ്ഞിരത്തുപറമ്പിൽ സോമൻ, രഘുനാഥൻ, പൊരുന്തമൺ മാധവൻ, കുഞ്ഞുകൃഷ്ണൻ വൈദ്യൻ, ആ‍ാറ്റൂർ ഇബ്രാഹിം, കൊട്ടാരത്തിൽ വേലു, കുന്നുമ്മേൽ വേലുവാദ്ധ്യാ‍ർ, കുന്നുമ്മേൽ വാസു മുതലായവർ. 1938-ൽ നടന്ന കടയ്ക്കൽ വിപ്ലവത്തിന് ശ്രീ കിളിമാനൂർ ശങ്കരപ്പിള്ള നേതൃത്വം കൊടുത്തിരുന്നതായി രേഖകളുണ്ട്. കടയ്ക്കൽ വിപ്ലവത്തിന്റെ സംഘാടകരിൽ ഒരാളായി പോലീസിന്റെ രേഖകളിൽ സ്ഥാനം പിടിച്ച ഇദ്ദേഹം കേസിലെ 31-)0 പ്രതി ആയിരുന്നു. കടയ്ക്കൽ വിപ്ലവത്തോടനുബന്ധിച്ച് വാഴോട്, തട്ടത്തുമല എന്നീ സ്ഥലങ്ങളിൽ വച്ച് തിരുവിതാംകൂർ പട്ടാളത്തെ തോക്കും പടക്കവും ഉപയോഗിച്ച് ആക്രമിച്ചവരിൽ കിളിമാനൂർ വിശ്വനാഥൻ, കൂരൻ‌കുഴി ദാമോദരൻ, രഘുനാഥൻ വൈദ്യർ, ഇരട്ടക്കുളം പരമു മേശിരി, പാലാംകോണം പരമു, കുന്നുമ്മേൽ വാസു എന്നിവരും നിലമേൽ, കാര്യം എന്നിവിടങ്ങളിലെ ചെറുപ്പക്കാരും പങ്കെടുത്തിരുന്നു. (കടയ്ക്കൽ, നിലമേൽ, കാര്യം എന്നീ സ്ഥലങ്ങളൊക്കെ ഇപ്പോൾ കൊല്ലം ജില്ലയിലാണ്). സർക്കാർ രേഖകളിൽ പെടാത്തവരും ഈ പ്രക്ഷോഭങ്ങളിലൊക്കെ പങ്കേടുത്തിരുന്നു എന്ന വസ്തുതയും വിസ്മരിക്കാവുന്നവയല്ല.
കിളിമാനൂർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളിൽ പലരും പരോക്ഷമായി  ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള  ദേശീയസമരത്തിൽ പ്രക്ഷോഭകാരികളെ സഹായിച്ചിരുന്നു. വേലുത്തമ്പി പാലായനം ചെയ്ത അവസരത്തിൽ കിളിമാനൂർ കൊട്ടാരത്തിൽ വരികയും അദേഹത്തിന്റെ ഉടവാൾ കിളിമാനൂർ കോയിത്തമ്പുരാനെ ഏല്പിക്കുകയും ഉണ്ടായി. തുടർന്ന് വേലുത്തമ്പി മണ്ണടിയിലേയ്ക്ക് പോവുകയും അവിടെവച്ച്  ആത്മഹത്യ ചെയ്യുകയുമായിരുന്നു. അദ്ദേഹം ഏല്പിച്ച  ഉടവാൾ പിൽക്കാലത്ത് ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദിന് സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഉടവാൾ തിരുവനന്തപുരത്ത് മ്യൂസിയത്തിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു.
ഇത്തരുണത്തിൽ ഇന്ത്യൻ ദേശീയ സമരത്തിനും ഉത്തരവാദ പ്രക്ഷോഭത്തിനും ആവേശം പകർന്ന ഇന്നാട്ടിലെ വിദ്യാർത്ഥി പ്രസ്ഥാനത്തെ ഓർക്കാതെ വയ്യ. യഥാർത്ഥത്തിൽ അന്നത്തെ സംഘടിത ശക്തികളിൽ ഒന്ന് വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു. നഗരങ്ങളിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ നിലനിന്നിരുന്നെങ്കിലും വ്യാപകമായി സമരത്തെ സഹായിച്ച  ഘടകം വിദ്യാർത്ഥികളായിരുന്നു. കടയ്ക്കൽ, ചടയമംഗലം, കല്ലറ, പാങ്ങോട് മുതലായ സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ കിളിമാനൂരിൽ വന്ന് പഠിച്ചിരുന്നു. ഇവരെല്ലാം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് ആവേശം പകർന്നുനൽകി. അവരിൽ ചടയമംഗലം രാധാകൃഷ്ണൻ നായർ, തങ്കപ്പൻ പിള്ള, വെള്ളാർവട്ടം സുധാകരൻ, മാറ്റാപ്പള്ളി മജീദ്, കല്ലറ ഗംഗാധരൻ പിള്ള, വൈരവൻ സഹദേവൻ, എം.പി.കുട്ടപ്പൻ, വി.സത്യദേവൻ, കെ.എം.ജയദേവൻ തുടങ്ങിയവർ പ്രത്യേകം സ്മരണീയരാണ്. ഇവരിൽ പലരും പിൽക്കാലത്ത് നിയമസഭയിലും സംസ്ഥാന രാഷ്ട്രീയത്തിലും നിർണ്ണായകസ്ഥാനങ്ങളിൽ എത്തിപ്പെട്ടിട്ടുണ്ട്. മാറ്റാപ്പള്ളി മജീദ് എം.എൽ.എ ആയിരുന്നു.  കടയ്ക്കൽ വിപ്ലവത്തിൽ പഴയകുന്നുമ്മേൽ വില്ലേജിൽ നിന്നും പങ്കെടുത്ത വ്യക്തികളിൽ പ്രമുഖരായിരുന്നു അയ്യപ്പൻ പിള്ള, പാച്ചൻ പിള്ള, ശങ്കരപ്പിള്ള, അസനാരുപിള്ള, മുഹമ്മദ് മുസ്തഫ, നാരായണൻ, കുഞ്ഞുശങ്കരൻ, ഗോപാലപിള്ള തുടങ്ങിയവർ.
1947 ആഗസ്റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയും ദേശീയ സ്വാതന്ത്ര്യസമരത്തിലും  ഉത്തരവാദപ്രക്ഷോഭത്തിലും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ജനത ധീരോദാത്തമായ സംഭാവനകൾ നൽകിയിരുന്നു. 1947 ആഗസ്റ്റ് 15-ന് ആറ് കാളകളെ പൂട്ടിയ ഒരു വണ്ടി പഴകുന്നുമ്മേൽ പഞ്ചായത്തിന്റെ ഹൃദയഭാഗമായ കിളിമാനൂരിൽ നിന്നും കൊട്ടാരംവരെ പോവുകയും കൊട്ടാരവളപ്പിൽ രാജാവ് ഇന്ത്യൻ പതാക ഉയർത്തുകയും അങ്ങനെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയും ചെയ്തതായി ചരിത്ര രേഖകൾ പറയുന്നു.
പഴയകുന്നുമ്മേൽ വില്ലേജും തൊട്ടടുത്ത കിളിമാനൂർ വില്ലേജും കിളിമാനൂർ കൊട്ടാരത്തിന്റെ കീഴിലായിരുന്നു. കരമൊഴിവായി തിരുവിതാംകൂർരാജാവ് കിളിമാനൂർ കൊട്ടാരത്തിന് കൊടുത്ത ഈ പ്രദേശത്തിന്റെ കരം പിരിവ് കിളീമാനൂർ ഇടവക നേരിട്ട് നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ കരത്തിനേക്കാൾ അധിക തുക ഇടവക ഈടാക്കിയിരുന്നു. മാത്രവുമല്ല കർഷകർക്ക് ഭൂമിയിൽ സ്ഥിരാവകാശവും ഉണ്ടായിരുന്നില്ല. ഇതിനെതിരെ കൃഷിക്കാർ സംഘടിതമായി പ്രക്ഷോഭം നടത്തുകയും പിൽക്കാലത്ത് ഈ കരംപിരിവ് സംസ്ഥാന ഗവർമെന്റിന്റെ കീഴിൽ ആകുന്നതുവരെ കൃഷിക്കാർ സംഘടിതമായി പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കൃഷിഭൂമിയിലെ ഉടമസ്ഥാവകാശവും ഇതോടനുബന്ധിച്ച് കൃഷിക്കാർക്ക് ഇടവകയിൽ നിന്ന് ലഭിക്കകയുണ്ടായി.
സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ ആവിർഭാവം
സ്വാതന്ത്ര്യാനന്തരം ജനകീയഗവർണ്മെന്റ് അധികാരം ഏറ്റെടുത്തതിനുശേഷമാണ് ഈ പ്രദേശത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപംകൊണ്ടു തുടങ്ങിയത്. അതിനുമുമ്പ് നഗരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്ന തൊഴിലാളി സംഘങ്ങൾ ഗ്രാമപ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയത് പിൽക്കാലത്താണ്. ഒരു കാർഷികമേഖലയായ പഴയകുന്നുമ്മേൽ-കിളിമാനൂർ വില്ലേജുകളിൽ മറ്റു തൊഴിൽമേഖലകൾ അത്രകണ്ട് ഇല്ലായിരുന്നു.
കേരളത്തിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിക്കുന്നവർക്ക് മനസിലാക്കാൻ കഴിയുന്ന വസ്തുത ഈ പ്രദേശത്തെ ആദ്യത്തെ സംഘടിതപ്രസ്ഥാനം ബീഡിത്തൊഴിലാളികളുടേതായിരുന്നു എന്നാണ്. താലൂക്കിൽ മൂന്നു വിഭാഗക്കാരായിരുന്നു സംഘടിത തൊഴിലാളിവർഗ്ഗം. കയർ, നെയ്ത്ത്, ബീഡി തൊഴിലാളികൾ എന്നീ വിഭാഗങ്ങളായിരുന്നു അത്.  പഴയകുന്നുമ്മേൽ- കിളിമാനൂർ പ്രദേശത്ത് കയർ,  നെയ്ത്ത് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ നന്നേ കുറവായിരുന്നു.
1948-നും 1952-നും ഇടയിലായി ഈ വിഭാഗക്കാർ (ബീഡി തൊഴിലാളികൾ) ഒരു സംഘടനയ്ക്ക് രൂപം കൊടുത്തു.
തിന്മകൾക്കും അനീതികൾക്കും എതിരെ പോരാടുവാനും ഒരു പ്രത്യേക രാഷ്ട്രീയ സങ്കല്പത്തിന് രൂപം കൊടുക്കുവാനും പിൽക്കാലത്ത് ഈ സംഘടനയ്ക്ക് കഴിഞ്ഞു. ഈ സംഘടനയെ മാതൃകയാക്കി ഇതര ജന വിഭാഗങ്ങൾ വിവിധ മേഖലകളിൽ 1957-നു മുമ്പു തന്നെ സംഘടിതശക്തിയായി ഉയർന്നുവന്നിരുന്നു. ഇങ്ങനെ വളർന്നുവന്ന സംഘടിതപ്രസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് മുൻ‌കൈസ്ഥാനമാണുണ്ടാ‍യിരുന്നത്.
ഭൂപരിഷ്കരണപ്രസ്ഥാനം
കൃഷിഭൂമിയിൽ കൃഷിക്കാരന്റെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു സ്വാതന്ത്ര്യത്തിനു മുൻപും പിൻപും. ഒരു വലിയ വിഭാഗം ജനത ജന്മികളുടെ ഭൂമിയിൽ കുടികിടപ്പുകാരായിരുന്നു. വിശിഷ്യാ ഈ പ്രദേശത്ത് കിളിമാനൂർ കൊട്ടാരത്തിന്റെ കീഴിലുള്ള മിക്ക കൃഷിക്കാരും ഭൂമിയിൽ സ്ഥിരാവകാശം ലഭിക്കാത്തവരായിരുന്നു. ജന്മിഭൂമികളിലെ കുടികിടപ്പുകാരുടെയും സ്ഥിതി ഇതുതന്നെയായിരുന്നു. ഇവകൾക്കെതിരെ നടന്ന സമരങ്ങളും പ്രക്ഷോഭങ്ങളും കേരളചരിത്രത്തിൽ തന്നെ അവിസ്മരണീയങ്ങളാണ്.
എന്നാൽ 1957-ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവർൺ‌മെന്റിന്റ്‌ ഭൂപരിഷ്കരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ഒരു ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കുകയുമുണ്ടായി. ഇതിനെത്തുടർന്ന് ഇന്ത്യയിലാദ്യമായി കൃഷിക്കാരന്റെയും കുടികിടപ്പുകാരന്റെയും രക്ഷയ്ക്കുവേണ്ടി ഒരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരികയും ഇവിടുത്തെ ജന്മി- കുടിയാൻ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയും ചെയ്തു. 1970 ആയപ്പോഴേയ്ക്കും ഈ രംഗത്ത് സമൂലമായ മാറ്റം കൈവരിക്കുവാൻ കഴിഞ്ഞു. തിരുവിതാംകൂർ-കൊച്ചിയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് നിലവിൽ വരുന്നത് 1953-ലാണ്. ഇപ്രകാരം പഴയകുന്നുമ്മേൽ പഞ്ചായത്തിലും തെരഞ്ഞെടുപ്പ് നടക്കുകയും പഞ്ചായത്ത് ഭരണസമിതി രൂപീകൃതമാവുകയും ചെയ്തു. ആദ്യകാല പഞ്ചായത്തുകൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കുവാനുള്ള സമ്പത്തും സഹായവും അന്ന് ലഭിച്ചിരുന്നില്ല. ഗവർൺ‌മെന്റിൽ നിന്നും കിട്ടുന്ന നാമമാത്രമായ ഫണ്ടുകളാണ് വികസന കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. പഞ്ചായത്തിന് സ്വന്തമായ വരുമാനമാർഗ്ഗം കുറവായിരുന്നു. ഗതാഗതത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം കൊടുക്കാൻ പഞ്ചായത്ത്  ശ്രമിച്ചിരുന്നു. നിരവധി റോഡുകൾ പുതുതായി ഉണ്ടാക്കുകയും ഉള്ളവ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. കുടിവെള്ളത്തിനായി പലഭാഗത്തും പഞ്ചായത്ത്കിണറുകളും കുളങ്ങളും  സ്ഥാപിച്ചിരുന്നു. പാവപ്പെട്ടവർക്ക് വീടുവച്ചു നൽകുവാനും മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികൾ ശ്രദ്ധിച്ചിരുന്നു. അലോപ്പതി ആശുപത്രികൾ,  ആയൂർവേദാശുപത്രി, മൃഗാശുപത്രി, ട്രാൻസ്പോർട്ട് ബസ്റ്റാൻഡ്, പ്രൈവറ്റ് ബസ്സ്റ്റാൻഡ് മുതലായവ സ്ഥാപിക്കുവാൻ പഞ്ചായത്ത് കമ്മിറ്റികൾ ശ്രമിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും അലോപ്പതി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും  മൃഗാ‍ശുപത്രിയും ആയൂർവേദാശുപത്രിയും    ഒക്കെ നേരത്തേ നിലവിൽ വന്നെങ്കിലും സ്വകാര്യ വണ്ടിത്താവളം ഈ അടുത്ത കാലത്താണ് നിലവിൽ വന്നത്. കിളിമാനൂർ കാർഷിക ഗ്രാമവികസനബാങ്കും പഴയകുന്നുമ്മേൽ സർവ്വീസ് സഹകരണബാങ്കും മറ്റ് ദേശസാൽകൃതബാങ്കുകളും ഉൽ‌പ്പെടെ പല ധനകാര്യസ്ഥാപനങ്ങളും മറ്റ് വ്യാപാര സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും  കിളിമാനൂരിൽ ഉണ്ട്. പോലീസ് സ്റ്റേഷനും സർക്കിൾ ഓഫീസും സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കിളിമാനൂർ സബ്ട്രഷറിയും വർഷങ്ങൾക്കുമുമ്പേ സ്ഥാപിതമായി. ഇപ്പോൾ സിവിൽസ്റ്റേഷന്റെ പണി പുരോഗമിക്കുകയാണ്. സൂപ്പർമാർക്കറ്റുകൾ അടക്കം നിരവധി ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾ കിളിമാനൂരിൽ ഉണ്ട്. കിളിമാനൂർ പബ്ലിക്ക്മാർക്കറ്റ് വളരെ വർഷങ്ങളായി പ്രവർത്തിച്ചുപോരുന്നു. വർഷങ്ങളുടെ പഴക്കമുള്ള കിളിമാനൂർ കശുവണ്ടി ഫാക്ടറിയിൽ നിരവധി തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഇത് സർക്കാർ ഉടമസ്ഥതയിലാ‍ണ്.  പഴയകുന്നുമ്മേൽ പഞ്ചായത്തിൽ നിരവധി സർക്കാർ, എയിഡഡ് അൺ എയിഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളും ഒന്നേയുള്ളൂ. അത് തട്ടത്തുമല ഗവ.ഹയർസെക്കണ്ടറി സ്കൂൾ ആണ്. എന്നാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽ.പി, യു.പി സ്കൂളുകൾ ഉണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ മുമ്പേതന്നെ മുന്നിൽ നിൽക്കുന്ന പ്രദേശമാണിത്. വർഷങ്ങളുടെ പഴക്കമുള്ള  കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ (ആർ.ആർ.വി‌) എന്നിവ കിളിമാനൂർ ടൌണിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇത് രണ്ടും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലല്ല. അത് രണ്ടും കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ആണ്.
1964 മുതൽ ഇന്നുവരെയുള്ള കാലയളവിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെയും കിളിമാനൂരിന്റെയും മുഖച്ഛായ മാറ്റിയെടുക്കുവാൻ മാറിമാറിവന്ന പഞ്ചായത്ത് ഭരണ സമിതികൾ ശ്രമിച്ചുപോന്നിട്ടുണ്ട്. കുറെയെറെ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റ് പല പ്രദേശങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ വികസനത്തിന്റെ കാര്യത്തിൽ കിളിമാനൂരിനും പഴയകുന്നുമ്മേൽ ദേശത്തിനാകെയും ഇനിയും ബഹുദൂരം മുന്നേറുവാനുണ്ട്.
പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റ് ശ്രീ.എ.പി.രാഘവൻ ആയിരുന്നു. അദ്ദേഹം കിളിമാനൂർ ആർ.ആർ.വി ഹൈസ്കൂളിലെ ഒരു അദ്ധ്യാപകനായിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം അധികനാൾ തുടർന്നില്ല. ആറുമാസത്തിനുള്ളിൽ അദ്ദേഹം രാജി വയ്ക്കുകയും ശ്രീ. തട്ടത്തുമല മാധവൻ പിള്ള പ്രസിഡന്റാവുകയും ചെയ്തു. 1954-ഓടു കൂടി അദ്ദേഹവും  പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ശ്രീ.സദാശിവൻ പ്രസിഡന്റാവുകയും ചെയ്തു. ഇദ്ദേഹം 1963 വരെയും പ്രസിഡന്റായി തുടർന്നു. 1963 അവസാനത്തോടുകൂടി ശ്രീ.കെ.ശിവശങ്കരപ്പിള്ള പ്രസിഡന്റായി അവരോധിതനായി. അദ്ദേഹം 1978 വരെ പ്രസിഡന്റായി തുടർന്നു. അതിനുശേഷം ആറുമാസം ശ്രീ.കെ.സുധാകരൻ പ്രസിഡന്റായി. തുടർന്ന് 1979-ൽ  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് (സി.പി.ഐ.എം‌) നേതാവ് ശ്രീ.കെ.എം.ജയദേവൻ മാസ്റ്റർ പഴയകുന്നുമ്മേൽ പഞ്ചയാത്ത് പ്രസിഡന്റായി. 1994-ൽ അദ്ദേഹത്തിന്റെ മരണം സംഭവിക്കുമ്പോഴും അദ്ദേഹം പ്രസിഡന്റായിരുന്നു. ചെറിയൊരു കാലയളവിൽ  അഡ്മിനിസ്ട്രേഷൻ ഭരണത്തിൽ കോൺഗ്രസ്സ് നേതാവ് എ.ഷിഹാബുദീനും പ്രസിഡന്റായിരുന്നു. 1966-ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ബി.ഗീത പ്രസിഡന്റായി ഭരണ സമിതി നിലവിൽ വന്നു. പിന്നീട് വന്ന തെരഞ്ഞെടുപ്പുകളിൽ എം.മൈദീൻ കുഞ്ഞ് അഞ്ചുവർഷവും, എം. നാരായണൻ അഞ്ചുവർഷവും പ്രസിഡന്റുമാരായി. നിലവിൽ ശ്രീ.രഘുനാഥനാണ് പ്രസിഡന്റ്.1979-ൽ കെ.എം. ജയദേവൻ മാസ്റ്റർ മുതൽ ഇങ്ങോട്ട് സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കാണ് പഞ്ചായത്ത് ഭരണം. ഇതുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെല്ലാം സി.പി.ഐ.എം കാരാണ് (മുമ്പ് സൂചിപ്പിച്ച ഒരിക്കൽ അല്പകാലത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ ഒഴിച്ച്).
**********************************************************************

കിളിമാനൂർ കോവിലകം

കേരളത്തിലെ കൊട്ടാരങ്ങളെയും കോവിലകങ്ങളെയും മാറ്റിവച്ചുകൊണ്ട് രാജചരിത്രത്തെയും കലാ-സാഹിത്യ ചരിത്രത്തെയും കുറിച്ച് പഠനം നടത്താനാവില്ല. കലാ-സാഹിത്യസംബന്ധിയായി ആഴത്തിലുള്ള പഠനങ്ങൾ കൊട്ടാരങ്ങളെയും കോവിലകങ്ങളെയും കുറിച്ച് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പഴയ രേഖകളും പട്ടയങ്ങളും താളിയോലകളും തേടിപ്പിടിക്കാനുള്ള പ്രയാസങ്ങളും ഐതിഹ്യങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകളും ഇക്കാര്യത്തിൽ ഗവേഷകരെ പലപ്പോഴും വഴിതെറ്റിച്ചിട്ടുണ്ട്. കൈകാര്യക്കാരുടെ അശ്രദ്ധയും സൂക്ഷിക്കാനുള്ള അപര്യാപ്തതകളും കൊണ്ട് നഷ്ടപ്പെട്ടിട്ടുള്ള വിലയേറിയ രേഖകൾക്ക് കണക്കില്ല.

വാളിനൊപ്പം തൂലിക. അല്ലെങ്കിൽ വാളുപിടിച്ചുതളരുമ്പോൾ തൂലിക എടുത്തു പെരുമാറുക. ഇങ്ങനെ വൈരുദ്ധ്യവും വൈവിധ്യവും നിറഞ്ഞ ദിന ചര്യകൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ വാണരുളിയ അകത്തളങ്ങളാണ് കേരളത്തിലെ പഴയ ഫ്യൂഡലിസ്റ്റ് സങ്കേതങ്ങളിൽ പലതും. കല പൂർണ്ണമായും ജനകീയമായി തീർന്നിട്ടില്ലാത്ത പുരാതനകാലത്ത് ജീവിത രീതികളിലും കലോപാസനകളിലും തികഞ്ഞ ഫ്യൂഡലിസ്റ്റ് മനോഭാവം പുലർത്തിയിരുന്നതിൽ അദ്ഭുതപ്പെടേണ്ടതില്ല. എങ്കിൽ കൂടി അവശേഷിച്ചിട്ടുള്ള കലാസമ്പത്ത്  വരുംതലമുറയ്ക്കാകെ അനർഘങ്ങളായി മാറിയിട്ടുണ്ട്. നെല്ലും പതിരും അവയിൽ തരംതിരിച്ചെടുക്കാനുണ്ട്. ഗവേഷകർക്കോ ചരിത്രകാരൻ‌മാർക്കോ മേല്പറഞ്ഞ സമ്പത്തുകളെ പിൻ‌തള്ളിക്കൊണ്ടുള്ള ചരിത്ര രചന പ്രയാസം നിറഞ്ഞതുതന്നെയാണ്.

ഈ വീക്ഷണങ്ങളിലൂടെ മാത്രമേ കിളിമാനൂർ കോവിലകകത്തിന്റെ ചരിത്രത്തിലേയ്ക്ക് കടന്നു ചെല്ലാനാവൂ. തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രത്തിൽ കിളിമാനൂർ കോവിലകം വഹിച്ചിട്ടുള്ള പങ്കിനെപ്പറ്റി പുതിയ തലമുറ ഏറെയൊന്നും ചിന്തിച്ചിരിക്കാൻ ഇടയില്ല. കോവിലകത്തിന്റെ ഉദ്ഭവം മുതൽ നാടുവാഴിത്തത്തിന്റെ അവസാനംവരെ രാജ്യചരിത്രത്തിൽ ഏറിയും കുറഞ്ഞും ഈ കോവിലകം തിളങ്ങി നിൽക്കുന്നു. അതുപോലെ കലാ-സാഹിത്യചരിത്രത്തിലും കിളീമാനൂർ കോവിലകം നേടിയെടുത്തിട്ടുള്ള സ്ഥാനം മഹത്തരമാണ്.

വടക്കൻ കേരളത്തിലെ ചിരപുരാതനമായ പരപ്പനാട്ടുരാജവംശത്തിന്റെ ഒരു ശാഖയാണ് ബേപ്പൂർ സ്വരൂപം. അവിടെനിന്ന് പിരിഞ്ഞവർ “തട്ടാരി കോവിലക”ക്കാരായി അറിയപ്പെട്ടു. തട്ടാരി കോവിലകത്തുനിന്നും തിരുവിതാംകൂറിലേയ്ക്ക് മുമ്പേ ദത്തു പതിവായിരുന്നു. ഉമയമ്മറാണി വേണാട് ഭരിക്കുന്ന കാലത്ത് കൊല്ലവർഷം 880 (എണ്ണൂറ്റിയെൺപത്)- ൽ തട്ടാരി കോവിലകത്തുനിന്നും   രണ്ടു
ദത്ത് വേണാട്ടിലേയ്ക്കുണ്ടായി. അതിനുമുമ്പും മാതൃദായക്രമം അനുസരിച്ച് പെൺകുട്ടികളെ പലപ്പോഴും വേണാട്ടിലേയ്ക്ക് ദത്തെടുത്തിട്ടുണ്ട്.

അങ്ങനെ കുട്ടികളായിരുന്ന ഉണ്ണിക്കേരളവർമ്മയും സഹോദരിയും പിതാവായ “ഇത്തമ്മർ” തമ്പുരാനോടും മാതാവിനോടുംകൂടി തിരുവിതാംകൂറിലേയ്ക്ക് പോന്നു. അവർക്കായി കിളിമാനൂരിൽ ഒരു ചെറിയ കോവിലകം പണികഴിപ്പിച്ചു. ആ കോവിലകം “ കൊച്ചുകോയിക്കൽ” എന്ന പേരിൽ അറിയപ്പെട്ടു. ദത്തായിവന്ന പെൺകുട്ടിയെ പിതാവായ ഇത്തമ്മർ തമ്പുരാന്റെ സഹോദരീപുത്രൻ (കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെ പുത്രൻ) രാഘവവർമ്മ പാണിഗ്രഹണം നടത്തി. ഈ രാഘവവർമ്മയുടെ പുത്രനാണ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ്.

വേണാടിന്റെ ഒരു പ്രധാന കൈവഴിയായി കിളിമാനൂർ ശാഖ എല്ലാ മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തി. ശക്തൻ‌മാരായ തമ്പുരാക്കൻ‌മാരുടെ മേൽനോട്ടത്താൽ കളരികളും പോരാളികളും ഉണ്ടായി. വടക്കൻ കേരളത്തിൽനിന്ന് അവർ കൊണ്ടുവന്ന വാല്യക്കാരും സഹായികളുമായി പല ‘കിരിയത്തിൽ’ നായർ കുടുംബങ്ങളും കിളിമാനൂരിൽ താമസമാക്കി.

മാർത്താണ്ഡവർമ്മയെ വകവരുത്താൻ എട്ടുവീടരും സഹായികളും ആസൂത്രണം ചെയ്ത കുതന്ത്രങ്ങളിൽനിന്ന് രാജകുടുംബത്തെയും ഭരണത്തെയും നിലനിർത്താൻ കിളിമാനൂർ കോവിലകത്തുകാർ നിസ്തുലമായ പോരാട്ടം നടത്തി. കുട്ടിയായിരുന്ന ധർമ്മരാജാവിനെയും മാതാവിനെയും രക്ഷിക്കാനുള്ള പോരാട്ടത്തിൽ ധീരനായ രവിവർമ്മ ഒറ്റയ്ക്ക് പോരാടി.

എട്ടുവീടരുമായുള്ള ഏറ്റുമുട്ടലിൽ രവിവർമ്മ ആറ്റിങ്ങലിനടുത്തുവച്ച് കൊല്ലവർഷം 903 (തൊള്ളായിരത്തി മൂന്നിൽ‌)-ൽ വീരചരമം പ്രാപിച്ചു.*

മാർത്താണ്ഡവർമ്മ രാജ്യവിസ്തൃതി വർദ്ധിപ്പിക്കുന്നതിന് പടയോട്ടം നടത്തുന്ന കാലം. കായംകുളം രാജാവ് മാർത്താണ്ഡ വർമ്മയെ തകർക്കാൻ എ.ഡി. 1742 (ആയിരത്തി എഴുന്നൂറ്റി നാല്‌പത്തി രണ്ട്)-ൽ കൊല്ലത്തുവച്ച് ഡച്ചുകാരെക്കൊണ്ട് കിളിമാനൂരിലേയ്ക്ക് പടനീക്കം നടത്തി. കിളിമാനൂർ തകർത്താൽ തിരുവനന്തപുരം കീഴടക്കാൻ പ്രയാസമില്ലെന്നായിരുന്നു അവരുടെ നിഗമനം. വിവരമറിഞ്ഞ കോവിലകക്കാർ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റി. നാനാഭാഗങ്ങളിലുണ്ടായിരുന്ന കളരിനായർമാരെ ഒത്തുകൂട്ടി.

പടയാളികളെത്തുംമുമ്പേ ഡച്ചുസേന പീരങ്കിപ്രയോഗത്താൽ കൊട്ടാരം തകർത്തു. അവർ തിരുവനന്തപുരത്തേയ്ക്ക് നീങ്ങിയ തക്കം നോക്കി കൊട്ടാരത്തിലെ പ്രധാന യോദ്ധാവായിരുന്ന കേരളവർമ്മ ദൂതൻ‌മാരെ കുതിരപ്പുറത്ത് രഹസ്യമായി അയച്ചും കുന്നുകൾ ഇടിച്ചും പാറക്കൂട്ടങ്ങൾ നിരത്തിയും വഴികൾ അടച്ചുകൊണ്ട് പടയാളികളുമൊത്ത് കേരളവർമ്മ പിന്നിലൂടെ ആക്രമണം നടത്തി, ശക്തമായ പീരങ്കിപ്പടയോട് ഏറ്റുമുട്ടി. കിളിമാനൂരിന് എട്ടു കിലോമീറ്ററിനപ്പുറം വാമനപുരത്തുവച്ച്‌ ഡച്ചുകാരെ പരാജയപ്പെടുത്തി.  ഈസമയം തിരുവനന്തപുരത്തുനിന്നും വന്ന സേനകൾ മുന്നിലൂടെയും ആക്രമണം ആരംഭിച്ചു. കിളിമാനൂരിന്റെ മണ്ണിൽ രണ്ടു സംഘത്തിലും പെട്ടവരുടെ ചോര ഒഴുകി. ഡച്ചുകാരിൽ ശേഷിച്ചവരെ തടവുകാരാക്കുകയോ തുരത്തുകയോ ചെയ്തു.

രാജ്യസ്ഥാപനത്തിനുശേഷം മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെ രക്ഷിച്ചകിളിമാനൂർ കോവിലകക്കാരെ മറന്നില്ല. വീരൻ‌മാരായ രവിവർമ്മയുടെയും കേരളവർമ്മയുടെയും വീരസ്മരണകളുടെ നിത്യസ്മാരകമായി കരമൊഴിവായി പതിനേഴ് ചതുരശ്രമൈൽ പ്രദേശവും പുതിയ കൊട്ടാരവും എ.ഡി 1753 (ആയിരത്തി എഴുന്നൂറ്റി അൻപത്തിമൂന്ന്)-ൽ മാർത്താണ്ഡവർമ്മ ദാനംചെയ്തു.*

ഇങ്ങനെ വിശാലമായ ഭൂപ്രദേശവും പുതിയ കോവിലകവും അവർക്കുള്ളതായി. കിളിമാനൂർ കോവിലകക്കാർ കല്ലേപിളർക്കുന്ന കല്പനകളാലോ ദണ്ഡനമുറകളാലോ നാടടക്കി വാണില്ല. അധികാര ഗർവ്വുകൊണ്ട് നടത്തിയ പീഡനങ്ങളും ക്രൂരതകളും അന്നാട്ടുകാർ കേട്ടിട്ടില്ല. വേലുത്തമ്പിയുടെ കാലത്തും കിളിമാനൂർ കോവിലകം ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നതായി കാണുന്നു. അതിനിടയിൽ നീണ്ട കലാ-സാഹിത്യ സപര്യയിലായിരുന്നു കോവിലകം നിവാസികൾ.

വടക്കൻ കേരളത്തിൽ പഴശ്ശിരാജയും ബ്രിട്ടീഷുകാരും ഇടഞ്ഞുകഴിയുന്ന കാലം. പഴശിയുടെ ഉറ്റമിത്രവും പണ്ഡിതനും രാജ്യതന്ത്രജ്ഞനുമായിരുന്ന അണിമംഗലത്ത് നമ്പൂതിരിപ്പാട് കിളിമാനൂരിലെ രോഹിണി തിരുനാൾ തമ്പുരാട്ടിയെ കൊല്ലവർഷം 967-ൽ (തൊള്ളായിരത്തി അറുപത്തിയേഴിൽ) പാണിഗ്രഹണം ചെയ്തു. ഗവേഷണബുദ്ധ്യാ വീക്ഷിക്കുമ്പോൾ ഒരു കര്യം വ്യക്തമാകുന്നു. പഴശിരാജ നയതന്ത്ര ചതുരനായ അണിമംഗലത്തെ കരുതുക്കൂട്ടിയാകും കിളിമാനൂരിൽ എത്തിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിലും ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കാൻ നമ്പൂതിരിക്ക് കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിട്ടുണ്ടാകും.
ധാരാളം യോദ്ധാക്കളെ കിളിമാനൂരിൽ നമ്പൂതിരി താമസിപ്പിക്കുകയും ആയോധന പരിശീലനം നടത്തിക്കുകയും ചെയ്തിരുന്നു. വെള്ളക്കാരെ തുരത്താൻ ആഹ്വാനം മുഴക്കിയ വേലുത്തമ്പി ദളവയും അണിമംഗലവും ഉറ്റമിത്രങ്ങളായിരുന്നു. തിരുവനന്തപുരത്തും കിളിമാനൂരും വച്ച് ഇവർ രഹസ്യങ്ങൾ കൈമാറിയിരുന്നു. അണിമംഗലത്തിന്റെ ഉപദേശങ്ങളും ബുദ്ധിയും വേലുത്തമ്പിയ്ക്ക് വളരെ വിലപ്പെട്ടതുമായിരുന്നു.

പഴശ്ശിരാജാവിന്റെ ദയനീയമായ അന്ത്യവും ബ്രിട്ടീഷുകാരുടെ ആധിപത്യവികസനവും നമ്പൂതിരിയെ വിഷമിപ്പിച്ചു. വേലുത്തമ്പിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധവും വഷളായി. നിൽക്കക്കള്ളിയില്ലാതെ തമ്പി പാലായനം ചെയ്തു. തിരുവിതാംകൂർ രാജവംശത്തിനുതന്നെ നാശം വന്നാലോ എന്നുകരുതി വേലുത്തമ്പി തനിക്കെതിരെ രാജാവിനെക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചിട്ടാണ് രായ്ക്കുരാവിൽ അനുജനുമൊത്ത് കിളിമാനൂർ കോവിലകത്ത് എത്തിയത്. ഉരുളിയിൽ ചൂടുമാറാത്ത ഉണക്കലരി ചോറും പച്ചമോരും രാത്രിയിലേയ്ക്ക് കരുതിവയ്ക്കാൻ അണിമംഗലം ശട്ടം കെട്ടിയിരുന്നു. തമ്പി എപ്പോഴാണു വരുന്നതെന്നറിയില്ല. മിക്കപ്പോഴും അകത്തളത്തിൽ തമ്പിയുമൊത്തിരുന്ന് നമ്പൂതിരി ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു. തനിക്ക് രക്ഷയില്ലെന്നുകണ്ട് വേലുത്തമ്പി അന്ത്യത്തിനുമുമ്പ് ഓടിയെത്തിയതും ആത്മമിത്രമായ അണിമംഗലത്തിനെ കാണാനായിരുന്നു. തമ്പിക്ക് രഹസ്യമായി കഴിയാൻ ഇടമുണ്ടാക്കാമെന്ന് നമ്പൂതിരി വാക്കുകൊടുത്തു.

“ഒരുവന്റെ നാശംകൊണ്ട് ഒരു ദേശം രക്ഷപ്പെടുമെങ്കിൽ അതു ചെയ്യണമെന്ന രാജ്യതന്ത്രത്തിലെ പ്രധാന തത്വം നമ്പൂതിരി മറന്നോ?” തമ്പി ചോദിച്ചു.

ആ രാജകുടുംബത്തിന്റെ രക്ഷയെ കരുതി തമ്പിയും അനുജനും രക്ഷപ്പെട്ടു. അതിനുമുമ്പ്  “എന്റെ ഓർമ്മയ്ക്ക് ഇത് ഇരിക്കട്ടെ” എന്നുപറഞ്ഞുകൊണ്ട് സ്വന്തം ഉടവാൾ നമ്പൂതിരിയെ ഏല്പിച്ചു. വേലുത്തമ്പിയുടെ വാളിന്റെ കാര്യം 1947 വരെ   കിളിമാനൂർ കൊട്ടാരക്കാർ രഹസ്യമാക്കിവെച്ചിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയ്ക്കു ശേഷം ആർട്ടിസ്റ്റ് കെ.ആർ.രവിവർമ്മയാണ് ആ വാൾ ഇന്ത്യൻ പ്രസിഡന്റിനെ ഏല്പിച്ചത്.

***************************************************************

കിളിമാനൂർ കോവിലകക്കാർ ആദ്യകാലം മുതൽ കലോപാസകരായിരുന്നു. ആദ്യ രക്തസാക്ഷിയായ രവിവർമ്മ പോലും, കവിയായിരുന്നു. സകലവിധ ദൃശ്യകലകളും ശ്രവ്യകലകളും കോവിലകത്തിന്റെ അകത്തളങ്ങളിൽ തുടിച്ചുനിന്നിരുന്നു. ജാതിമതഭേദം കൂടാതെ അവർ കലാകാരൻ‌മാർക്ക് ആതിഥ്യമരുളി. വരുമാനത്തിന്റെ നല്ലൊരു ഭാഗം കലാപ്രോത്സാഹനത്തിന് ചെലവഴിക്കാറുണ്ടായിരുന്നു. തർക്കം, വ്യാകരണം, സാഹിത്യം, സംഗീതം, ജ്യോതിശാസ്ത്രം, കഥകളി എന്നീ വിഭാഗങ്ങളിൽ പെടുന്ന അപൂർവ്വഗ്രന്ഥങ്ങൾ നിറഞ്ഞ വിപുലമായ ഗ്രന്ഥപ്പുര അവിടെയുണ്ടായിരുന്നു. വിരൽത്തുമ്പിൽ കാവ്യവും ചുണ്ടുകളിൽ സംഗീതവുമുള്ള തമ്പുരാക്കളും തമ്പുരാട്ടിമാരു കലാകാരൻ‌മാർക്ക് കല്പവൃക്ഷങ്ങളായിരുന്നത്രേ. ശ്രീനാരായണ ഗുരുവും കുമാരനാശാനും അവിടെയെത്തി വേദാന്തചർച്ചകൾ നടത്തിയിരുന്നതായി പറയപ്പെടുന്നു.

***************************************************

*1-(*ഈ സംഭവം നടന്നത് ബുധന്നൂർ വച്ചാണെന്ന് പാച്ചു മൂത്തതും കഴക്കൂട്ടത്തുവച്ചാണെന്ന് ശങ്കുണ്ണി മേനോനും രേഖപ്പെടുത്തുന്നു. വേണാടിന്റെ പരിണാമം എന്ന ഗ്രന്ഥത്തിൽ ശിവശങ്കരൻ നായർ ഇതുരണ്ടും തെറ്റാണെന്നു പറഞ്ഞിരിക്കുന്നു. പക്ഷെ കിളിമാനൂർ കൊട്ടാരത്തിലുണ്ടായിരുന്ന ചില രേഖകൾ പരിശോധിച്ചതിൽനിന്ന് കഴക്കൂട്ടത്തോ ആറ്റിങ്ങലിനടുത്തോ വെച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നു വ്യക്തം. മുറിവേറ്റ രവിവർമ്മയെ ആഗ്രഹപ്രകാരം വർക്കല പാപനാശത്തേയ്ക്ക് കൊണ്ടുപോവുകയും അവിടത്തെ തീർത്ഥജലം കുടിച്ച് വീരസ്വർഗ്ഗം പ്രാപിച്ചെന്നും കിളിമാനൂരിൽ പറഞ്ഞുവരുന്നുണ്ട്. രവിവർമ്മയ്കുവേണ്ടി വർക്കല ക്ഷേത്രത്തിൽ നിത്യവും പാല്പായസ വഴിപാട് മാർത്താണ്ഡവർമ്മ പിൽക്കാലത്ത് ഏർപ്പെടുത്തിയിരുന്നു. കിളിമാനൂർ കൊട്ടാരത്തിന്റെ പേരിലുള്ള വഴിപാടിന്റെ ചെലവ് രാജാ‍ക്കൻ‌മാരായിരുന്നു വഹിച്ചിരുന്നത്.)

**************************************************


*2-ത്താണ്ഡവർമ്മ മഹാരാജാവ് കൊല്ലവർഷം 938 (തൊള്ളായിരത്തി മുപ്പത്തെട്ട്)-ൽ തുല്യം ചാർത്തിയ രേഖ താഴെ കാണും പ്രകാരമാണ്:

“ കിളിമാനൂർ അധികാരം ഒഴിഞ്ഞുകൊടുത്ത നിനവ്:-

ശ്രീപാദത്തു കൂട്ടുപാർക്കുന്ന നെടിയിരിപ്പ് വേപ്പൂർ തട്ടാരി കോവിലകത്ത് കേരളവർമ്മമാരായ മൂത്തകോവിൽ പണ്ടാരം കണ്ട് കോവിലിന്റെ ജ്യേഷ്ഠൻ രവിവർമ്മ കോവിൽ പണ്ടാരം തൊള്ളായിരത്തിമൂന്ന് വൃശ്ചിക മാസത്തിൽ കാർത്തികയും പൂർണ്ണവാവും അന്നു നട്ടുച്ചനേരത്ത് ജീവനെ ഉപേക്ഷിച്ച് കാർത്തികതിരുനാൾ പണ്ടാരത്തിലേയ്ക്കും ചെയ്തിരിക്കുന്ന ഉചിതം വിചാരിച്ച് കണ്ടാറെയും 914-)-മാണ്ട് (തൊള്ളായിരത്തി പതിനാലാമാണ്ട്) മകരമാസം പതിനെട്ടിന് കിളിമാനൂർ കോട്ടയ്ക്കുനേർക്ക് ചടപട വെടിയുംവച്ച ഇലന്തപ്പട കേറി കോട്ടപിടിച്ച കിളിമാനൂരും നഗരൂരും അഴിക്കയിൽ കോവിൽ നെടുമങ്ങാടും നെയ്യാറ്റിൻ‌കരയും ചെന്നിരുന്നു. കരക്കാരെയും പടയും ശേഖരിച്ചും വാമനപുരത്തെത്തി നമ്മോടൊന്നിച്ച് പാളയം ഇറങ്ങിയിരിക്കുന്നേടത്തുവന്ന് അന്നുചെയ്ത ഉചിതം വിചാരിച്ചു കണ്ടാറെയും നമ്മുടെ സ്വരൂപവും കോവിലിന്റെ രൂപവും ഒന്നുതന്നെയെന്നു നമുക്കിപ്പോൾ തോന്നിയിരിക്കുന്നു. കോവിലിനും കോവിലിന്റെ ശേഷക്കാരക്കും എന്തുതന്നെ വന്നാലും നമുക്കു തൃപ്തി വരുന്നതല്ലാഴികകൊണ്ടും കോവിലിനും ഇപ്പോൾ കിളിമാനൂർ കുഞ്ചുകോയിക്കൽ പാർക്കുന്ന കോവിലിന്റെ സ്വരൂപത്തിൽ കുഞ്ഞ് ആബാലവൃദ്ധം ഒന്നുള്ളിടത്തോളവും 915 -)-മാണ്ട് (തൊള്ളായിരത്ത് പതിനഞ്ചാമാണ്ട്) കണ്ടെഴിതിയ ചിറയിൻ‌കീഴ് മണ്ടപത്തുംവാതിൽക്കൽ കിളിമാനൂർ അധികാരം ഉള്ളിട്ട നാളതുവരെ നാം അനുഭവിച്ചുവരുന്ന വസ്തുകൃത്യങ്ങൾ എപ്പേർപെട്ടതും ഇന്നാളാൽ നാം ഒഴിഞ്ഞുതന്നിരിക്കുകകൊണ്ട് ഇത്തിൻ‌മണ്ണമൊത്ത് വസ്തുകൃത്യങ്ങൾ കോവിലും കോവിലിന്റെ ശേഷക്കാരരും ആചന്ദ്രകാലമേ സന്തതിപ്രകാരമേ അനുഭവിച്ചുനടന്നുകൊള്ളുമാറും ഇതുകൂടാതെ കോവിലിനും കോവിലിന്റെ സ്വരൂപത്തിനും ദു:ഖം വരുന്ന കാലങ്ങളിൽ ഈ എഴുത്തുകണ്ട് നമ്മുടെ ശേഷക്കാറരിൽ ഉള്ള ആളുകൾ പ്രത്യേകമായിട്ട് വിചാരിച്ച് രക്ഷിച്ചുകൊള്ളുകയും വേണം; എന്നും ഇപ്പടിക്കു 928-)-മാണ്ട് (തൊള്ളായിരത്തി ഇരുപത്തിയെട്ടാമാണ്ട്) ചിങ്ങമാസം പന്ത്രണ്ടിന് തിരുവുള്ളത്തിൻ‌പടി നിനവെഴുതിയ മേലെഴുത്തു കണക്കു താണുമാലയപ്പെരുമാൾ ചോണാചലം എഴുത്ത്……….”
കിളിമാനൂർ കോവിലകത്ത് കലാ-സാഹിത്യോപാസകരായിരുന്നവരെ സംബന്ധിച്ച് ഹ്രസ്വവിവരണം:

രവിവർമ്മ കോയിത്തമ്പുരാൻ- കംസവധം ആട്ടക്കഥ
ഉമാദേവിത്തമ്പുരാട്ടി- വിഷ്ണുമായാചരിതംതുള്ളൽ
രാജരാജവർമ്മ കോയിത്തമ്പുരാൻ (കരീന്ദ്രൻ)- രാവണവിജയം ആട്ടക്കഥ
പുണർതം തിരുനാൾ രാമവർമ്മ- സീതാവിജയം ആട്ടക്കഥ
ചോതി തിരുനാൾ ഗോദവർമ്മ- മുചുകുന്ദമോക്ഷം കഥകളി
രാജരാജവർമ്മ- ചിത്രകാരൻ
ഭരണിനാൾ ഗോദവർമ്മ- പാലാഴിമഥനം തുള്ളൽ
മകയിരം നാൾ ഉമാംബ തമ്പുരാട്ടി- പാർവ്വതീസ്വയംവരം തുള്ളൽ
രാജാരവിവർമ്മ- ലോകപ്രസിദ്ധ ചിത്രകാരൻ
രാജരാജവർമ്മ- ചിത്രകാരൻ, ഏ-ടൂർ-ഇൻ-അപ്പർ-ഇന്ത്യ (യാത്രാവിവരണം)
മംഗളാഭായിത്തമ്പുരാട്ടി-ചിത്രകാരി
ചോതിതിരുനാൾ രാജരാജവർമ്മ-രാസക്രീഡ ആട്ടക്കഥ
ചതയം തിരുനാൾ ഇത്തമ്മർ കോയിത്തമ്പുരാൻ- സുകന്യാചരിതം നാടകം, വീരകൃഷ്ണവിജയം കഥകളി
കുട്ടൻ തമ്പുരാൻ- അപരപദാർത്ഥപ്രകാശിക
കേരളവർമ്മ കോയിത്തമ്പുരാൻ- ചീനുഅയ്യന്റെ ദീനചികിത്സ (ഹാസ്യസാഹിത്യം)
കെ.ആർ.രവിവർമ്മ-ചിത്രകാരൻ
ഡോ.കെ.ഗോദവർമ്മ- ഗവേഷകൻ, ചരിത്രപണ്ഡിതൻ
ഡോ. മാർത്താണ്ഡ വർമ്മ- ചരിത്രം, ഗവേഷണം)
************************************************************************


അവലംബം, കടപ്പാട്: ഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് രേഖകൾ, സർക്കാർ രേഖകൾ, കടയ്ക്കൽ വിപ്ലവം, കല്ലറ-പാങ്ങോട് വിപ്ലവം, കിളിമാനൂർ കൊട്ടാരം, കിളിമാനൂർ ചന്ദ്രൻ, മുതിർന്ന പൌർൻ‌മാർ, വിവിധ സ്കൂൾ രേഖകൾ.

വിശ്വമലയാള മഹോത്സവം എന്തിനുവേണ്ടിയായിരുന്നു?

വിശ്വമലയാള മഹോത്സവം എന്തിനുവേണ്ടിയായിരുന്നു?

ഇവിടെ അടുത്തിടെ ഒരു വിശ്വമലയാള മഹോത്സവം നടന്നു. സംഘാടനത്തിലെ വീഴ്ചകൾ കൊണ്ട് അത് ഏറെ വിവാദങ്ങളിൽ അകപ്പെടുകയും ചെയ്തു. അതിന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെട്ടു. എന്തിനുവേണ്ടിയായിരുന്നു ആ സമ്മേളനമെന്നതും അതുകൊണ്ട് എന്ത് നേട്ടമുണ്ടായി, അഥാവാ ഉണ്ടാകാൻ പോകുന്നു എന്നുമുള്ള  ചോദ്യം ഇപ്പോഴും ഉയർന്നു കേൾക്കുകയാണ്. ഈ സമ്മേളനം നടത്താനുള്ള ധാർമ്മികമായ ചുമതല കേരള സാഹിത്യ അക്കാഡമിക്കായിരുന്നെങ്കിലും അതിന്റെ നടത്തിപ്പിൽ അക്കാഡമിക്ക് വേണ്ടത്ര പങ്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഏതോ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെ ആയിരുന്നു അതിന്റെ സംഘാടനം ഏല്പിച്ചിരുന്നതെന്നാണ് മനസില്ലാക്കാൻ കഴിഞ്ഞത്. അല്ലെങ്കിൽ ഭാഷയും സാഹിത്യവുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ചില “തല്പര” കക്ഷികളെ!  ഭാഷയും സാഹിത്യവുമായിട്ട് ബന്ധപ്പെട്ട ഇത്തരം സമ്മേളനങ്ങളുടെ നടത്തിപ്പ് ഒരു ഇവന്റ് മാനേജ്മെന്റിനെ ഏല്പിക്കുന്നതുതന്നെ ഏറ്റവും വലിയ അബദ്ധമാണ്. അവർക്ക് ഭാഷയും സാഹിത്യവുമായിട്ടൊക്കെ എന്തു ബന്ധം? അതുകൊണ്ടല്ലേ സി.വി. രാമൻപിള്ളയുടെ  പ്രതിമയ്ക്കുപകരം സി.വി.രാമന്റെ  പ്രതിമ സ്ഥാപിച്ചതും ചെറുപ്പത്തിലേ മരണപ്പെട്ട കവി ചങ്ങമ്പുഴയുടെ വൃദ്ധരൂപത്തിലുള്ള പ്രതിമ സ്ഥാപിച്ചതും ഒക്കെ. അവർ ഇന്റെർ നെറ്റിൽ  സെർച്ച് നടത്തിയപ്പോൽ കിട്ടിയ റിസൾട്ടുകളിൽ നിന്നു കിട്ടിയതാകാം ഒരു പക്ഷെ ചിത്രങ്ങൾ. അവ തിരിച്ചറിയാൻ വിവരം വേണ്ടേ? അത് അവരുടെ കുറ്റമല്ല. അവരെ ഇതിന്റെയൊക്കെ ചുമതല ഏല്പിച്ചവരുടെ കുറ്റമാണ്.  സി.വി.രാമൻപിള്ളയ്ക്കു പകരം സാക്ഷാൽ ശ്രീരാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നെങ്കിലും അദ്ഭുതമില്ലായിരുന്നു. അതാണ് ഇവന്റ് മാനേജ്മെന്റ്.

ഇവന്റ് മാനേജുമെന്റുകാർക്ക് സംഘടിപ്പിക്കാൻ കഴിയുന്ന പല പരിപാടികളും ഉണ്ടായിരിക്കാം. അത് ഔദ്യോഗിക തലത്തിൽ സംഘടിപ്പിക്കുന്ന  വിശ്വമലയാളമഹോത്സവം പോലെയുള്ള  അത്യന്തം ഗൌരവമേറിയ പരിപാടികളല്ല. വല്ല സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ നടത്തുന്ന ആഘോഷങ്ങളും മറ്റുമൊക്കെ ഇവന്റ് മാനേജ്മേന്റുകളെ ഏല്പിക്കാറുണ്ട്. അത് ഏല്പിക്കുന്നവർ ആരോ അവർക്ക് സംതൃപ്തി നൽകും വിധം ഇവന്റു മാനേജുമെന്റുകർ അത് നടത്തിക്കൊടുത്ത് പ്രതിഫലം അവരുടെ കൂലി  വാങ്ങിയെന്നുമിരിക്കും.  പക്ഷെ സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി നടത്തുന്ന ഇത്തരം പരിപാടികൾ ഇവന്റ് മാനേജുമെന്റുകാരെ  ഏല്പീക്കുന്നത് ശരിയല്ല. ഈയിടെ നടന്ന ആ വിശ്വമഹാസമ്മേളനം യഥാർത്ഥത്തിൽ വെറും ധൂർത്തായിരുന്നു. അതും സർക്കാർ ഖജനാവിലെ പണം. കുറേ പണം ഇവന്റുകാർക്കു കിട്ടിക്കാണും. കുറെ അതുമായി ബന്ധപ്പെട്ടും ചുട്ടിപറ്റിയും നിന്നവർ അടിച്ചുമാറ്റി കൊണ്ടു പോയിരിക്കും. നക്കാ പിച്ചാ അതിൽ പങ്കെടുത്ത സാഹിത്യകാർക്കും കൊടുത്തുകാണും. കവികളെയൊക്കെ ഗ്രേഡ് തിരിച്ചായിരുന്നല്ലോ പ്രതിഫലം  നൽകിയിരുന്നത്. എ. ഗ്രേഡു കവികൾ ബി ഗ്രേഡു കവികൾ എന്നൊക്കെയുള്ള ചില പുതിയ ഭാഷാ പ്രയോഗങ്ങൾ നമ്മുടെ ഭാഷയ്ക്ക് “മുതൽക്കൂട്ടാ”യി. എത്ര അപമാനമാണിത്. കവികളുടെ ഗ്രേഡ് കണക്കാക്കുന്നതിന്റെ മാനദണ്ഡം എന്താണോ ആവോ! കഷ്ടം എന്നല്ലാതെ എന്തു പറയാൻ. മറ്റ് വല്ല സാഹിത്യകാരൻ‌മാരെയും ഗ്രേഡ് തിരിച്ചിരുന്നോ ആവോ! സാഹിത്യകാരൻ‌മാരെ ഗ്രേഡ് തിരിക്കുന്നത് ഒരിക്കലും  ശരിയല്ല.    നമ്മൾ ആദ്യമായി കേൾക്കുന്ന പല കവികളും സാഹിത്യകാരനൻ‌മാരുമൊക്കെ  അതിൽ ഉണ്ടായിരുന്നു. അതേതായാലും നന്നായി. അങ്ങനെയും ചില കവികളും സാഹിത്യകാരൻ‌മാരും അംഗീരിക്കപ്പെട്ടല്ലോ.  കേരളത്തിലെ സാംസ്കാരത്തിലായിപ്പോയി നായകർ നല്ലൊരു പങ്കിന്റെയും പ്രതിഷേധത്തിനു പാത്രീഭവിച്ച ഒരു സംസ്കാരമായിപ്പോയി വിശ്വമലയാള മഹോത്സവത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സംഘാടനം. ഇനി അതൊക്കെ പോട്ടെ. നടന്നത് നടന്നു? ഇത്തരം സമ്മേളനങ്ങൾ കോണ്ട് മലയാളത്തിനെന്ത് പ്രയോജനം? ഇനിയുള്ള ഖണ്ഡികയിൽ അതെപറ്റി പറയുന്നുണ്ട്.

മലയാളം വേണ്ടാത്തവർ കേരളം വിടുക

ഒരു വിശ്വമലയാള മഹാസമ്മേളനം നടത്തിയതുകൊണ്ടോ   ഒരു മലയാള സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ മലയാളഭാഷ രക്ഷപ്പെടില്ല. അതിന് ആദ്യം മലയാളികൾ മലയാളഭാഷ ഇഷ്ടപ്പെടണം. അതുപോലെ മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇച്ഛാശക്തിയും ഭാഷയോട് താല്പര്യവും വേണം.  ഇവിടെ കുറേ നാളായി ഭരണഭാഷ മലയാളമാക്കും സ്കൂളുകളിൽ  മലയാളം ഒന്നാം ഭാഷയാക്കും എന്നൊക്കെ പറയുന്നു. പക്ഷെ ഭരണഭാഷ ഇന്നും അതു കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കു പോലും മനസിലാകാത്ത ഇംഗ്ലീഷിൽ തന്നെ. ഒരു സാധാരണക്കാരൻ എന്തിനെങ്കിലുമുള്ള ഒരു അപേക്ഷയോ പരാതിയോമറ്റോ മലയാളത്തിൽ കൊടുത്താൽ അത് നിരസിക്കുകയോ അതുകണ്ട് നെറ്റി ചുളിക്കുകയോ ചെയ്യുന്നവരാണ് പല ഉദ്യോഗസ്ഥരും. എന്തുകൊണ്ട് നമ്മുടെ സർക്കാർ ഫയലുകളിൽ മലയാളത്തിൽ എഴുതിതിക്കൂട? എന്തുകൊണ്ട് നമ്മുടെ  സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ അപേക്ഷാ ഫോമുകളെല്ലാം മലയാളത്തിലാക്കിക്കൂട? അല്പം വിദ്യാഭ്യാസം സിദ്ധിച്ചവർക്കുപോലും മനസിലാകാത്ത വിധമുള്ള ഇംഗ്ലീഷിലല്ലേ പല അപേക്ഷാ ഫോമുകളും  അടിച്ചിറക്കുന്നത്? എന്തികൊണ്ട് പ്ലസ് ടൂ തലം വരെ നമ്മുടെ പഠനമാധ്യമം നിർബന്ധമായും മലയാളമാക്കുന്നില്ല?എന്തിനു  പ്ലസ് ടൂ വരെയാക്കുന്നു? അതിനു മുകളിലോട്ടുള്ള വിവിധ  ഉപരി പഠനങ്ങളുടെയും പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ വരെയും ഒക്കെ പഠനമാധ്യമം എന്തുകൊണ്ട് മാതൃഭാഷയിൽ ആക്കിക്കൂട? മെഡിക്കൽ വിദ്യാഭ്യാസംപോലും പല വിദേശ രാജ്യങ്ങളിലും അവരുടെ മാതൃഭാഷയിൽ തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് കൊണ്ടും കൊടുത്തും അവരുടെയൊക്കെ ഭാഷ നിലനിൽക്കുകയും വകസിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ എന്തുകൊണ്ട്  സ്കൂളുകളെ  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം എന്ന് തരം തിരിച്ച് രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതി നിറുത്തലാക്കിക്കൂട?  മലയാളം ഒന്നാം ഭാഷ എന്നത് എതുകൊണ്ട് നിർബന്ധമാക്കിക്കൂട? സ്വകാര്യ- അൺ എയ്ഡഡ് സ്കൂളുകളിലേ കാശുള്ളവർ കുട്ടികളെ അയക്കൂ എങ്കിൽ അവർ അതു ചെയ്യട്ടെ. പക്ഷെ എവിടെയും ഇംഗ്ലീഷ് മീഡിയം വേണ്ട. മലയാളം മീഡിയം മതി. അത് നടപ്പിലാക്കുവാനുള്ള ആർജ്ജവം ഗവർണ്മെന്റിനുണ്ടാകണം. ഇല്ലെങ്കിൽ സാംസ്കരികനായകർ സ്കാരിക നായകർ അതിനായി പൊരുതണം.

സ്കൂളുകളിൽ  മലയാളം ഒന്നാം ഭാഷ എന്നത് എന്തുകൊണ്ട്  നിർബന്ധമാക്കിക്കൂട?  എല്ലാ പ്രാദേശിക ഭാഷകളും സംരക്ഷിക്കപ്പെടണം. നമ്മുടെ ഭാഷയും സംരക്ഷിക്കപ്പെടണം. ഒരു ലോക ഭാഷയെന്ന നിലയിൽ ഇംഗ്ലീഷും ദേശീയ ഭാഷ എന്ന നിലയിൽ ഹിന്ദിയും മുന്തിയ പ്രാധാന്യത്തോടെ പഠിക്കേണ്ടതുതന്നെ. പക്ഷെ അത് മലയാളത്തെ  കൈവിട്ടുകൊണ്ടാകരുത്. മാത്രവുമല്ല, ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി സംസാരിക്കാനും തെറ്റില്ലാതെ എഴുതാനുമാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ ഡിഗ്രി വരെയും അതിനു മുകളിലോട്ടും ഇംഗ്ലീഷ് പഠിച്ചാലും അവരിൽ ബഹുഭൂരിപക്ഷത്തിനും ഇംഗ്ലീഷ് സംസാരിക്കാൻ തീരെ കഴിയില്ല. അക്ഷരത്തെറ്റും ഗ്രാമർതെറ്റും ഇല്ലാതെ എഴുതാനും കഴിയില്ല. ഇംഗ്ലീഷ് ലിറ്ററേച്ചർ ഐച്ഛികമായി എടുത്തു പഠിക്കുന്നവരിൽ പോലും ഭൂരിപക്ഷത്തിന്റെ സ്ഥിതി ഇതാണ്.  ഹിന്ദിയുടെ കാര്യവും മറിച്ചല്ല. പിന്നെ ഈ അന്യഭാഷകൾ പഠിച്ചതുകൊണ്ട് എന്ത് പ്രയോജനം? അവർ ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ പരീക്ഷയിൽ നല്ല മാർക്ക് നേടും. വിജയിക്കും. പക്ഷെ ഉപയോഗിക്കാനറിയില്ല. അതാണ് ആ ഭാഷകൾ പഠിപ്പിക്കുന്ന നാളിതുവരെയുള്ള രീതിയുടെ കുഴപ്പം. മാറിമാറി വന്ന പാഠ്യ പദ്ധതികൾക്കൊന്നും ഇതിനു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് മലയാളവുമില്ല, ഇംഗ്ലീഷുമില്ല, ഹിന്ദിയുമില്ല. എല്ലാത്തിലും അല്പജ്ഞാനികളാകുന്നു. മലയാളം ഒന്നാം ഭാഷയാക്കുക എന്നത് നിയമമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവരവരുടെ ഭാഷയെ സംരക്ഷിക്കാൻ അവരവർക്കു തന്നെയേ കഴിയുകയുള്ളൂ. മലയാളത്തെ രക്ഷിക്കാൻ മറുനാട്ടിൽ നിന്നും ആരും വരില്ല. അതുകൊണ്ട് മലയാളം വേണ്ടാത്തവർ മലയാളികളുടെ മാതൃഭൂമിയായ  കേരളം വിടുക എന്നു പറയാനുള്ള ആർജ്ജവം മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക് ഉണ്ടാകണം. കേരളത്തിലെ സർക്കാരുകൾക്കുമുണ്ടാകണം ഈ ആർജ്ജവം. അതെ മലയാളം വേണ്ടാത്തവർ  കേരളം വിടുക!

അരുണിന് ആദരാഞ്‌ജലികൾ

അരുണിന് ആദരാഞ്‌ജലികൾ

തട്ടത്തുമല, 2012 ആഗസ്റ്റ് 10: ജമ്മുവിൽ ജോലിസ്ഥലത്തു വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആർമി  ജവാൻ  അരുണിന്റെ മൃതുദേഹം ഇന്ന് രാവിലെ 10 30-ന് സംസ്കരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയ മൃതുദേഹം രാവിലെ  9.30-ന് സ്വദേശമായ തട്ടത്തുമലയിൽ എത്തിച്ചു. അരുൺ പഠിച്ച  തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആദ്യം പൊതുദർശനത്തിനു വച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും അരുണിന് അന്ത്യോപചാരം അർപ്പിച്ചു. അതിനു ശേഷം മൃതുദേഹം അരുണിന്റെ വീട്ടിലെത്തിച്ചപ്പോഴും മൃതുദേഹം കാണാനും അന്ത്യോപചാരമർപ്പിയ്ക്കാനും അഭുതപൂർവ്വമായ ജനത്തിരക്കായിരുന്നു. നിലവിളികളോടെയാണ് വീട്ടുകാരും ബന്ധുക്കളും പരിസരവാസികളുമായ സ്ത്രീകൾ മൃതുദേഹത്തെ വരവേറ്റത്. പത്തര മണിയോടെ  വീട്ടുവളപ്പിൽ അരുണിന്റെ  മൃതുദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു. ഔദ്യോഗിക ബഹുമതികൾ ഒന്നും അരുണിന്റെ സംസ്കാര ചടങ്ങിൽ ലഭ്യമാക്കിയിരുന്നില്ല. ഇതിൽ ബന്ധുക്കളും  നാട്ടുകാരും ജന പ്രതിനിധികളും വൻപ്രതിഷേധം രേഖപ്പെടുത്തി.  ആത്മഹത്യ ചെയ്തതുകൊണ്ടാണ് ഔദ്യോഗിക ബഹുമതികൾ നൽകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. മൃതുദേഹത്തെ അനുഗമിച്ചു വരാൻ കർണ്ണാടക സ്വദേശിയായ  ഒരു ജൂനിയർ ഓഫീസറെ മാത്രമാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം മാത്രമാണ് മൃതുദേഹത്തോടൊപ്പം വന്നത്. മിനിയാന്നു വെളുപ്പിനാണ് ജമ്മുവിൽ ജോലി സ്ഥലത്തു വച്ച് അരുൺ സ്വയം വെടിയുതിർത്ത്  മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്.  ഡ്യൂട്ടി കഴിഞ്ഞ് താമസമുറിയിലെത്തിയ അരുൺ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മരണകാരണം വ്യക്തമല്ല. കശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ നിറയൊഴിച്ചു മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കാണപ്പെട്ടത്.
മിനിയാന്നു ( 2012 ആഗസ്റ്റ് 8)  രാവിലെയാണ് അരുൺ മരണപ്പെടുന്നത്. അന്നു രാവിലെയും അരുൺ നാട്ടിലുള്ള അനുജനെ ഫോണിൽ വിളിച്ചിരുന്നു. അരുൺ ലീവിൽ വന്നു പോയിട്ട് ഒരു മാസം ആയിട്ടുണ്ടായിരുന്നില്ല.  അരുണിന്റെ  മരണത്തിനുപിന്നിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. അരുൺ ആത്മഹത്യ ചെയ്തതാണെങ്കിൽ അത്  സൈനിക മേലുദ്യോഗസ്ഥന്മാരുടെ ക്രൂരമായ പീഡനം കാരണമായിരിക്കും എന്നാണ്  പറയപ്പെടുന്നത്.  അരുണിന്റെ ദുരൂഹമരണം  സംബന്ധിച്ച് ഇന്നലെത്തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയ്ക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമേറിയ അന്വേഷണം നടത്തണമെന്ന് അരുണിന്റെ വീട് സന്ദർശിച്ച  എ.സമ്പത്ത് എം.പി. ആവശ്യപ്പെട്ടു. മരണം ആത്മഹത്യയാണോ മറ്റു വല്ല വിധേനയും കൊല്ലപ്പെട്ടതാണോ എന്നും മറ്റുമുള്ള കാര്യങ്ങൾ ബന്ധുക്കൾക്ക് ബോദ്ധ്യപ്പെടും മുമ്പ് മരിച്ച  അരുണിന് സൈനിക ബഹുമതികൾ നിഷേധിച്ചതിൽ നാട്ടുകാർക്ക് വമ്പിച്ച പ്രതിഷേധമുണ്ട്. അഥവാ ആത്മഹത്യയാണെങ്കിൽ തന്നെ മൃതുദേഹത്തോട് അർഹമായ ആദരവ് പുലർത്തുന്നതിലും ഔദ്യോഗിക ബഹുമതികൾ നൽകുന്നതിലും എന്ത് അപാകതയാണുള്ളതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇത്രയേറെ വാർത്താ പ്രാധാന്യം നേടിയ ഒരു വാർത്തയായിട്ടു കൂടി അരുണിന്റെ മൃതുദേഹം ഏറ്റുവാങ്ങുന്നതിനോ യഥാസമയം മരണപ്പെട്ട ഈ സൈനികന്റെ വീട്ടിലെത്തുന്നതിനോ റവന്യൂ വകുപ്പ് അധികാരികളും  തയ്യാറായില്ല. ഇതും  നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അരുണിന്റെ മൃതുദേഹം അടക്കം ചെയ്തതിനു ശേഷമാണ് തഹസീൽദാരും സംഘവും മരണവീട്ടിൽ എത്തിയത്.
മരണവീട്ടിൽ സന്നിഹിതരായിരുന്ന കൺസ്യൂമർ ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ എൻ.സുദർശനനും സി.പി.ഐ.എം കിളിമാനൂർ ഏരിയാ സെക്രട്ടറി മടവൂർ അനിലും എ.സമ്പത്ത് എം.പിയുടെ സാന്നിദ്ധ്യത്തിൽ തന്നെ ഈ കാര്യത്തിൽ  റവന്യൂ വകുപ്പിന്റെ ഉദാസീനത സംബന്ധിച്ച്  തഹസീൽദാരെ ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാൽ രാവിലെ എട്ടര മണിയ്ക്ക് മാത്രമാണ് കളക്ടറുടെ നിർദേശം ലഭിച്ചതെന്നും ആത്മഹത്യയായതുകൊണ്ടാണ് ഇതു സംബന്ധിച്ച് യഥാവിധി റവന്യൂ അധികൃതർക്ക് വേണ്ട നിർദ്ദേശം ലഭിക്കാതെ പോയതെന്നുമായിരുന്നു തഹസീൽദാരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ നേതാക്കൾ തൃപ്തരായില്ല. എട്ടര മണിയ്ക്ക് അറിഞ്ഞാൽ പന്ത്രണ്ടു മണിയ്ക്കാണോ എത്തുന്നതെന്നായി കോൺഗ്രസ്സ് നേതാവ് സുദർശനനും സി.പി.ഐ.എം നേതാവ് മടവൂർ അനിലും. പത്രവാർത്തകളും  ചാനൽ വാർത്തകളുമൊന്നും  ഒരു തഹസീൽദാരുടെ ശ്രദ്ധയിൽ പെടാറില്ലേ എന്നും ജനപ്രതിനിധികൾ തഹസീൽദാരോട്  ആരാഞ്ഞു.  എന്നാൽ   തഹസീൽദാർ സ്വന്തം  കുറ്റം കൊണ്ടല്ലെങ്കിലും തന്റെയും ഡിപാർട്ട്മെന്റിന്റെയും  വീഴ്ച ഉൾക്കൊള്ളുന്നതായി  നേതാക്കളെ  അറിയിച്ചതിനാൽ അതു സംബന്ധിച്ച സംസാരം പിന്നെ നീട്ടിക്കൊണ്ടു പോയില്ല. മരണം എങ്ങനെ സംഭവിച്ചാലും അത് മരണമാണ്. അത് ദു:ഖവുമാണ്. രാജ്യസേവനത്തിനു സ്വയമേവയും രക്ഷകർത്താക്കളാലും  സമർപ്പിക്കവരാണ് ഓരോ സൈനികരും. ഒരു പക്ഷെ ഒരു ചെറുപ്പക്കാരന് ഏറ്റവും ചെറുപ്പത്തിലേ ലഭിക്കാവുന്ന ഒരു നല്ല ജോലിയാണ് പട്ടാളക്കരൻ എന്നത്. അതിൽ നിന്നു ലഭിക്കാവുന്ന വരുമാനം തന്നെയാകും പട്ടാളത്തിൽ ചേരാനുള്ള പ്രധാനപ്പെട്ട ഒരു  പ്രചോദനം. പക്ഷെ എന്നിരുന്നാലും രാജ്യത്തിനു വേണ്ടി ജീവൻ കളയാനുമുള്ള സന്നദ്ധതകൂടിയുള്ളതുകൊണ്ടു ഒരാൾ പട്ടാളക്കാരനാകുന്നത്. അഥവാ രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളെ പട്ടാളത്തിൽ ചേർക്കുവാൻ തയ്യാറാകുന്നു എന്നു പറഞ്ഞാൽ നൊന്തുപെറ്റ് വളർത്തി ഒരു പ്രായമെത്തിച്ച  അവരെ രാജ്യത്തിനു സമർപ്പിക്കുവാൻ അവർ സന്നദ്ധരാകുന്നു എന്നാണർത്ഥം. ഒരു ജവാനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും രാഷ്ട്രത്തിനും ബന്ധപ്പെട്ട വകുപ്പിനും ബാദ്ധ്യതയുണ്ട്. ഒരു സൈനികന്റെ  മൃതുദേഹത്തോട് അനാദരവു പുലർത്തുന്നത് എന്തിന്റെ പേരിലായാലും അതിനു ന്യായീകരണമില്ല.
ആത്മഹത്യ എന്നത് ചിലപ്പോൾ ദൌർബല്യവും ചിലപ്പോൾ ധീരതയുമാകാറുണ്ട്. അരുണിന്റെ കാര്യത്തിൽ ഇതേതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തനിക്കുണ്ടായതുപോലുള്ള പീഡനങ്ങൾ ഇനി മറ്റാർക്കുമുണ്ടാകാതിരിക്കാനാണോ അരുൺ ഈ കടും കൈ ചെയ്തതെന്നും സംശയിക്കാവുന്നതാണ്. അരുണിന്റെ യൂണിറ്റിലുള്ള സൈനികർക്ക് മറ്റെങ്ങുമില്ലാത്ത പീഡനം അനുഭവികേണ്ടി വന്നതായും മേൽ ഉദ്യോഗസ്ഥന്മാരെ തടഞ്ഞുവയ്ക്കുന്നതുവരെയുള്ള സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. കൊളോണിയൽകാലത്തെ പട്ടാളമാതൃകകളാണ് നമ്മുടെ പട്ടാളത്തിൽ ഇപ്പോഴും പിന്തുടരുന്നതെന്നും സാധാരണ സൈനികരുടെ ആത്മവീര്യവും രാജ്യസ്നേഹവും തകർക്കുന്ന വിധമുള്ള പീഡനങ്ങളാണ്  പലയിടത്തും  അരങ്ങേറുന്നതെന്നും വ്യാപകമായ പരാതി നിലവിലുണ്ട്. കൂടാതെ ചില രാഷ്ട്രീയ കാരണങ്ങളാൽ ദക്ഷിണേന്ത്യൻ പട്ടാളക്കാരെ പലവിധത്തിലും ബുദ്ധിമുട്ടിയ്ക്കുന്നതായും ആക്ഷേപമുണ്ട്. സൈനിക തലത്തിലെ പ്രാകൃതമായ പീഡനമുറകളും കോളോണിയൽ പാരമ്പര്യവും ഉപേക്ഷിക്കണമെന്ന് എ.സമ്പത്ത് എം.പി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഈ വിഷയം പാർളമെന്റിൽ കെ.എൻ. ബാലഗോപാൽ എം.പിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയും ഉന്നയിച്ചിരുന്നെങ്കിലും ഈ വിഷയം രാജ്യതാല്പര്യം മുൻ‌നിർത്തി ഊതി വീർപ്പിക്കരുതെന്നും പ്രധാന മന്ത്രി മൻ‌മോഹൻ സിംഗും ആവശ്യപ്പെട്ടിരുന്നു. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമായി അന്വേഷണം നടത്തുമെന്ന് പ്രധാന മന്ത്രിയും എ.കെ.ആന്റണിയും ഉറപ്പു നൽകിയിട്ടുണ്ടെന്ന്  എ.സമ്പത്ത് എം.പി അറിയിച്ചു. സൈനിക തലത്തിലുള്ള അന്വേഷണത്തിലുപരി മറ്റേതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനുള്ള സാധ്യതകൾ ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക തലത്തിലുള്ള അന്വേഷണം കൊണ്ട് ഇത്തരം കേസുകളിൽ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തു വരുമോ എന്ന സന്ദേഹം നില നിൽക്കുന്നുണ്ട്. എന്തായാലും ഈ വിഷയം പ്രദേശത്തെ ജനങ്ങളും  ജനപ്രതിനിധികളും ഭരണപ്രതിപക്ഷ ഭേദമില്ലാതെ  രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗൌരവത്തിലെടുത്തിട്ടുണ്ട്. ഈ ഗൌരവം ഉൾക്കൊണ്ട് അധികൃതരും ഈ വിഷയത്തിൽ  വേണ്ട നടപടികൾ കൈക്കൊളും എന്നാണ് പ്രതിക്ഷിക്കുന്നത്.  ഇത്തരം ദുരനുഭവം ഇനി ഒരു സൈനികനും ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. മരണപ്പെട്ട അരുണിന്  അമ്മയും അച്ഛനും ഒരു അനുജനുമുണ്ട്.അരുണിന് അന്ത്യാഞ്‌ജലി അർപ്പിക്കാനും അരുണിന്റെ  കുടുംബത്തെ ആശ്വസിപ്പിക്കുവാനും വിവിധ രഷ്ട്രീയ കക്ഷി നേതക്കാൾ മരണ ദിവസം മുതൽ അരുണിന്റെ വീട്ടിൽ എത്തിക്കൊണ്ടിരുന്നു. അഡ്വ.. ബി.സമ്പത്ത് എം.പി, അഡ്വ. ബി.സത്യൻ എം.എൽ.എ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ എൻ. സുദർശനൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, തിരുവനന്തപുരം  ജില്ലാ പഞ്ചയാത്ത് അംഗം കെ.രാജേന്ദ്രൻ, സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം  ബി.പി.മുരളി,  സി.പി.ഐ തിരുബനന്തപുരം  ജില്ലാ സെക്രട്ടറി  വെഞ്ഞാറമൂട് ശശി, സി.പി.ഐ.എം കിളീമാനൂർ ഏരിയാ സെക്രട്ടറി  അഡ്വ മടവൂർ .അനിൽ , കിളീമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്   അഡ്വ. എസ്. ജയച്ചന്ദ്രൻ, കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. താജുദീൻ അഹമ്മദ്, കിളീമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ്, ഹിന്ദു ഐക്യ വേദി നേതാവ്  കിളീമാനൂർ സുരേഷ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ തുടങ്ങിയ നിരവധി നേതാക്കൾ അരുണിന്റെ വീട്ടിലെത്തി.അരുണിന്റെ മരണത്തിൽ അനുശോചിക്കുവാൻ  ഇന്ന് വൈകുന്നേരം തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന്റെ (എം.ആർ.എ)  ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. എം.ആർ.എ അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ അഡ്വ. എസ് ജയച്ചന്ദ്രൻ, വാർഡ് മെംബർ അംബിക കുമാരി, പള്ളം ബാബു, പി. റോയി, ഇ.എ.സജിം, അബ്ദുൽ അസീസ്, എസ്.എ ഖലാം, എസ്. ലാബറിദീൻ, ഭാർഗ്ഗവൻസാർ, ഷാഫി, ജോഷ്വാ, സരസ്വതി ടീച്ചർ എന്നിവർ സംസാരിച്ചു. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു.
അരുണിന്റെ മരണം സംബന്ധിച്ച് സത്യ സന്ധമായി അന്വേഷണം നടത്തി ഈ മരണത്തിന്റെ  ദുരൂഹതകളുടെ ചുരുളഴിച്ച് മരണകാരണം കണ്ടെത്തുവാനും, അത്  വെളിച്ചത്തുകൊണ്ടുവരുവാനും,     ആരെങ്കിലും ഈ മരണത്തിനുത്തരവാദികളായിട്ടുണ്ടെങ്കിൽ അവർക്കെതിരെ മാതൃകാപരമായ ശക്തമായ നടപടികൾ കൈക്കൊള്ളുവാനും  സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം.  അരുണിന്റെ മൃതുദേഹത്തോട് ബന്ധപ്പെട്ട അധികൃതർ കാട്ടിയ അനാദരവിനു അവർ  മാപ്പ് പറയണം. സൈനിക തലത്തിൽ നടക്കുന്നുവെന്ന് പറയുന്ന  ആശാസ്യമല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കുവാനും ശക്തമായ ഇടപെടലുകളും  നടപടികളും  ഉണ്ടാകണം. സൈന്യത്തിന്റെ വിശ്വാസ്യതയും റാങ്ക്പരമായി താഴേ തട്ടിലുള്ള സാധാരണ സൈനികരടക്കമുള്ള നമ്മുടെ സൈന്യത്തിന്റെ  മനോ വീര്യവും നഷ്ടപ്പെടുത്തുന്ന യാതൊരു പ്രവണതകളും വച്ചുപൊറുപ്പിച്ചു കൂടത്തതാണ്. സൈന്യത്തിന് അച്ചടക്കം വേണം. പക്ഷെ  പാവപ്പെട്ട സാധാരണ പട്ടാളക്കാരെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടല്ല സൈന്യത്തിന്റെ അച്ചടക്കവും കരുത്തും അരക്കിട്ടുറപ്പിക്കേണ്ടത്. സൈനിക മേധാവികളുടെ പീഡനം മൂലം ശാരീരികവും  മാനസികവുമായ    കടുത്ത വേദനകൾക്കും സമ്മർദ്ദങ്ങൾക്കും അടിമപ്പെട്ട സൈനികരെ യുദ്ധഭൂമിയിലേയ്ക്കയച്ചാൽ ഉണ്ടാകുന്ന ദുരന്തം എല്ല്ലാവരും ചിന്തിക്കെണ്ട വിഷയമാണ്. ആ നിലയിൽ നോക്കുമ്പോൾ ഉയർന്ന റാങ്കിലുള്ള  സൈനിക മേധാവികൾ  സാധാരണ പട്ടാളക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന നടപടികൾ   ( അങ്ങനെ അവർ  ചെയ്യുന്നുണ്ടെങ്കിൽ) രാജ്യദ്രോഹ കുറ്റമായി കണക്കാക്കേണ്ടി വരും.അകാലത്തിൽ മരണപ്പെട്ടുപോയ എന്റെ നാട്ടുകാരൻകൂടിയായ  യുവസൈനികൻ അരുണിന് എന്റെയും ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു.

ഇന്റെർനെറ്റും സോഷ്യൽ നെറ്റ്‌വർക്കുകളും മറ്റും

ഇന്റെർനെറ്റും സോഷ്യൽ നെറ്റ്‌വർക്കുകളും മറ്റും
ഇന്ന്‌ സോഷ്യൽ നെറ്റ് വർക്കുകൾ  ഒരു നേരമ്പോക്കോ വെറും സൌഹൃദ സല്ലാപങ്ങൾക്കുള്ള ഒരു ഉപാധിയോ മാത്രമല്ല. വളരെ ഗൌരവമേറിയ പ്രവർത്തനങ്ങളുടെ കൂടി വേദിയാണ്.  കല, സാഹിത്യം,  ശാസ്ത്രം, ആത്മീയം, മതപരം,  സാമൂഹ്യം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇന്റെർനെറ്റിന്റെയും അതുവഴിയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളുടെയും സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു കാലഘട്ടമാണിത്. അവനവൻ പ്രസാധനത്തിലൂടെ സ്വന്തം സാഹിത്യ സൃഷ്ടികൾ ജനസമക്ഷം പ്രസിദ്ധീകരിക്കുവാൻ ബ്ലോഗുകളും ഫെയ്സ് ബൂക്ക് പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളും ഇന്ന് ലക്ഷക്കണക്കിനാളുകൾ പ്രയോജനപ്പെടുത്തുന്നു. ഒപ്പം വായന ആഗ്രഹിക്കുന്നവർക്ക് വായനയുടെ വിശാലമായ ഒരു പുത്തൻ ലോകം ഇന്റെർനെറ്റ് തുറന്നിടുന്നു.
ഇന്ന് ആ‍ശയപ്രചരണത്തിനും ചർച്ചകൾക്കും സംവാദങ്ങൾക്കും സാധാരണക്കാർ മുതൽ പ്രശസ്തരായ വ്യക്തികൾ വരെ ഇന്റെർനെറ്റ്  വ്യാപകമായി ഉപയോഗിക്കുകയാണ്. പണ്ഡിത പാമര ഭേദമില്ലാതെ എല്ലാവർക്കും ഒരുമിച്ച് ഇന്റെർനെറ്റിന്റെ വിശാലമായ വിളനിലങ്ങൾ ഉഴുതുമറിച്ച് ആശയങ്ങളെ നട്ടുനനയ്ച്ച് വളർത്തുവാൻ  ഇന്ന് സാധിക്കുന്നു. ആർക്കും ആരുമായും സംവദിക്കുവാനുള്ള വേദികൾ ഇന്റെർനിറ്റിന്റെ ലോകത്ത് തുറന്നുകിടക്കുകയാണ്. സർഗ്ഗസംവാദങ്ങളുടെ വിളനിലമാണ് ഇന്ന് ഇന്റെർനെറ്റ് സോഷ്യൽ നെറ്റ്‌വർക്കുകൾ. കൂടാതെ വിവിധ രൂപത്തിലുള്ള  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇന്ന് സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാർ മുതൽ ഉയരങ്ങൾ കീഴടക്കിയവർ വരെ സ്വന്തം കൈവിരലുകൾ കൊണ്ട് പരസ്പരം സംവദിച്ച് സൌഹൃദപ്പെടുന്നു.അത്  ആശയലോകത്തെ വിശാലമാക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാനുള്ള ശക്തമായ ഒരുപാധിയായി ഇന്ന് സോഷ്യൽ നെറ്റ്‌വർക്കുകൾ മാറിയിട്ടുണ്ട്.
സൌഹൃദവും സഹിഷ്ണുതയും ജനാധിപത്യ ബോധവും എല്ലാ  സോഷ്യൽനെറ്റ്‌വർ‌ക്കുകളുടെയും അംഗീകൃത മാതൃകകൾ എന്നുതന്നെ പറയാം. ഇന്റെർനെറ്റ് വഴി ഉണ്ടാകുന്ന ഇത്തരം കൂട്ടായ്മകളുടെ എണ്ണം കൂടി വരികയാണ്.  അതിരുകൾ ഭേദിച്ചുള്ള മനുഷ്യ ബന്ധങ്ങളുടെ എല്ലാ സാധ്യതകളെയും ഇന്ന് വിവിധ ഓൺലെയിൻ ആക്ടിവിസ്റ്റുകളും വിവിധ  സോഷ്യൽ നെറ്റ്‌വർക്കുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾ പോലെ ചുരുങ്ങുകയാണ്. നിമിഷനേരം കൊണ്ട് വിദൂര ഭൂഖണ്ഡങ്ങളിലെ രണ്ട് പോയിന്റുകൾ തമ്മിലുള്ള അകലം കീഴടക്കി മനുഷ്യബന്ധം സ്ഥാപിക്കുവാൻ ശാസ്ത്രം മനുഷ്യനെ പ്രാപ്തനാക്കി. ശാസ്ത്ര നേട്ടമായ ഇന്റെർനെറ്റും മനുഷ്യന്റെ  സങ്കൽ‌പ്പങ്ങൾക്കുമപ്പുറത്തുള്ള വിശാലമായ സാദ്ധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.
കേരളത്തിലിന്ന് സോഷ്യൽ നെറ്റ് വർക്കുകളുടെ വിശാലമായ ഒരു ശൃംഖല തന്നെ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ കുട്ടായ്മകൾ തങ്ങളുടേതായ രീതിയിൽ ഇന്റെർനെറ്റിനകത്തും പുറത്തും വിവിധങ്ങളായ ഇടപെടലുകൾ ഇന്ന് നടത്തുന്നു.  ഇന്റെർ നെറ്റ് എന്നത് മനുഷ്യ ജീവിതത്തിൽ നിന്ന് ഒഴിച്ചുനിർത്താനാകാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ വിവിധ പ്രവർത്തനങ്ങൾക്കും  ഓഫീസ് ആവശ്യങ്ങൾക്കും മറ്റും ഇന്റെർനെറ്റിന്റെ ഉപയോഗം സാർവ്വത്രികവും കുറച്ചേറെ നിർബന്ധിതവുമാക്കിയിട്ടുണ്ട് എന്നതും ഇത്തരുണത്തിൽ എടുത്തു പറയുന്നു. സാമൂഹ്യ രാഷ്ട്രീയ സാഹിത്യ  സാംസ്കാരിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഓരോന്നിനെയും അല്ലെങ്കിൽ എല്ലാറ്റിനെയും മുൻ‌നിർത്തി പ്രവർത്തിക്കുന്ന നിരവധി കൂട്ടായ്മകൾ ഇന്ന് ഇന്റെർ‌നെറ്റിന്റെ ലോകത്ത് സജീവമാണ്.
സോഷ്യൽ നെറ്റ് വർക്കുകളുടെ സ്വാധീനം സാമൂഹ്യ ജീവിതത്തിൽ വർദ്ധിച്ചു വരികയാണ്.  മനുഷ്യ ബന്ധങ്ങൾ ഊട്ടി വളർത്താനും അതുവഴി ഉരുത്തുരിയുന്ന സംഘ ശക്തിയെ  കർമ്മ രംഗത്ത് ഉപയോഗിക്കുവാനും ഈ കൂട്ടായ്മകൾക്ക് കഴിയും. വീട്ടിന്റെ ചുറ്റുവട്ടം, പഠന സ്ഥാപനങ്ങൾ, കുറച്ചു വളരുമ്പോൾ നാട്ടുക്കവല എന്നിവിടങ്ങളിൽ നിന്നാണ് മുൻകാലങ്ങളിൽ ഒരു സാധാരണ മനുഷ്യന് സൌഹൃദങ്ങൾ ഉണ്ടാകുമായിരുന്നത്. എന്നാൽ ഇന്ന് ഇന്റെർ നെറ്റിന്റെ ഉപയോഗം വ്യാപകമായതോടെ വിദൂര സ്ഥലങ്ങളിൽ ഉള്ളവരുമായി പോലും ദൃഢമായ സൌഹൃദബന്ധങ്ങൾ ഉണ്ടാകുന്നു. അല്പം ചില സർഗ്ഗാത്മകതകളുടെ പിൻ ബലം കൂടിയുണ്ടെങ്കിൽ വളരെ അർത്ഥ പൂർണ്ണമായ സൌഹൃദങ്ങളാണ് ഇന്റെർനെറ്റ് മുഖാന്തരം രൂപം കൊള്ളുന്നത്. കേവലം മൌസ് ബാലൻസും കീബോർഡ് പരിചയവും ഉള്ള ഏതൊരാൾക്കും ഇന്ന് ഒരിടത്തും ആരോരുമില്ലാത്ത് നിലയിൽ ഒറ്റപ്പെട്ട് അന്തർമുഖരായി കഴിയേണ്ടതില്ല. ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിക്കാൻ ഇന്റെർനെറ്റ് ബ്രൌസ് ചെയ്ത് ഏതെങ്കിലും സോഷ്യൽ നെറ്റ്‌വർക്കുകളിലോ ബ്ലോഗുകളിലോ എത്തിപ്പെടുകയേ വേണ്ടൂ.
ഇതൊക്കെയാണെങ്കിലും ചില ദോഷവശങ്ങളും ഈ മേഖലയ്ക്കില്ലാതില്ല. പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ നടത്തുന്നതിനും എന്തിന്  രാജ്യ ദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നതിനു വരെ ഇന്റെർ നെറ്റിനെ ഇന്ന് ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം സൈബർ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുള്ള നിയമങ്ങളും രൂപപ്പെട്ടും കാലോചിതമായി പരിഷ്കരിക്കപ്പെട്ടും വരുന്നുണ്ട്.  പല കുറ്റകൃത്യങ്ങളും  തെളിയിക്കുന്നതിനും ഇന്ന് ഇന്റെർ പ്രയോജനപ്പെടുന്നുണ്ട് എന്നതും ഓർക്കണം. എന്തായാലും ബ്ലോഗുകൾ, വിവിധ സോഷ്യൽ നെറ്റ്‌വർക്കുകൾ മറ്റ് ഓൺലെയിൽ സംഘടനകൾ എന്നിവ ഭാവിയിൽ മനുഷ്യന്റെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഗണ്യമായ സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ സംശയമില്ല.(കുട്ടികൾക്ക്  ഒരു സെമിനാർ ആവശ്യത്തിന്    എഴുതിയ  ശിഥിലമായ  കുറിപ്പ് വലിയ മാറ്റമൊന്നും വരുത്താതെ ഇവിടെ പോസ്റ്റു ചെയ്യുന്നുവെന്നു മാത്രം)